‘തര്‍ക്കമുണ്ടായാല്‍ തിരിച്ചടിക്കുക, സാധിച്ചാല്‍ കൊന്നു കളഞ്ഞേക്ക്! അല്ലാതെ കരഞ്ഞുകൊണ്ട് വരരുത്’ വിദ്യാര്‍ത്ഥികള്‍ക്ക് ‘ഗുണപാഠം’ നല്‍കി വൈസ് ചാന്‍സിലര്‍

ഗാസിപൂരിലെ കോളജില്‍ വെച്ച് നടന്ന ചടങ്ങിലായിരുന്നു ചാന്‍സിലറുടെ വ്യത്യസ്ത പ്രസംഗം.

ജൗന്‍പൂര്‍: വിദ്യാര്‍ത്ഥികള്‍ക്ക് കൊലപാതകത്തിന് വാക്കുകളാല്‍ ലൈസന്‍സ് നല്‍കി വീര്‍ ബഹദൂര്‍ സിങ് പര്‍വന്‍ചാല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലറായ പ്രൊഫസര്‍ രാജറാം യാദവ്. പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ആക്രമണ സ്വഭാവം ഉണര്‍ത്തുന്ന പ്രസംഗങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

ഗാസിപൂരിലെ കോളജില്‍ വെച്ച് നടന്ന ചടങ്ങിലായിരുന്നു ചാന്‍സിലറുടെ വ്യത്യസ്ത പ്രസംഗം. ആരുമായെങ്കിലും ഏതെങ്കിലും രീതിയിലുള്ള അടിപിടിയില്‍ ഉള്‍പ്പെട്ടാല്‍ അവരെ കൊലപ്പെടുത്തുന്നതാണ് നല്ലത് എന്നായിരുന്നു വിസി പറഞ്ഞത്. ” ഒരു പാറ തകര്‍ത്ത് അതില്‍ നിന്നും വെള്ളം പുറത്തെത്തിക്കാന്‍ കഴിയുന്നവരാണ് യുവാക്കള്‍. പ്രത്യേകിച്ച് നിങ്ങളുടെ പ്രായത്തിലുള്ള വിദ്യാര്‍ത്ഥികള്‍.. ജീവിതത്തില്‍ എടുക്കുന്ന ഏത് പുതിയ തീരുമാനവും അതേ രീതിയില്‍ നടപ്പിലാക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അത് അവനോ അവളോ ആയിക്കോട്ടേ..,അവര്‍ പര്‍വന്‍ചാല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയാണെന്ന് ഉറപ്പിക്കാം.

ഇതിന് പിന്നാലെയായിരുന്നു ആരുമായിട്ടെങ്കിലും വലിയ തര്‍ക്കത്തിലോ അടിപിടിയിലോ ഏര്‍പ്പെടേണ്ടി വന്നാല്‍ എതിരാളിയെ കൊന്നിട്ട് വരണമെന്ന് വിസി ആഹ്വാനം ചെയ്തത്. ”ആരെങ്കിലുമായും തര്‍ക്കമുണ്ടാവുകയും അടിപടിയില്‍ ഏര്‍പ്പെടേണ്ടി വരികയും വേണ്ടിവന്നാല്‍ ഒന്നും നോക്കരുത്. അയാളെ തിരിച്ചടിക്കുക. പറ്റുകയാണെങ്കില്‍ കൊലപ്പെടുത്തിക്കോളൂ..അല്ലാതെ കരഞ്ഞുകൊണ്ട് എന്റെ അടുത്തേക്ക് വരരുത്. അതിന് ശേഷം വരുന്നതൊക്കെ ഞങ്ങള്‍ നോക്കിക്കോളാം”. എന്നായിരുന്നു വിസിയുടെ പ്രസ്താവന.

വൈസ് ചാന്‍സിലറുടെ പദവിയിലിരുന്ന് വിദ്യാര്‍ത്ഥികളോട് പറയാന്‍ പറ്റിയ കാര്യങ്ങളല്ല അദ്ദേഹം പറഞ്ഞതെന്നും ഇത്തരം കാര്യങ്ങള്‍ വിദ്യാര്‍ത്ഥികളോട് പറയുകയ വഴി എന്ത് നേട്ടമാണ് അദ്ദേഹം മുന്നില്‍ കാണുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ശൈലേന്ദ്ര സിങ് ചോദിച്ചു. ഇത് തികച്ചും എതിര്‍ക്കപ്പെടേണ്ട അഭിപ്രായമാണെന്നും തുടങ്ങിയ നിരവധി പ്രതിഷേധങ്ങളാണ് ഉയരുന്നത്.

Exit mobile version