പഠിച്ച് വളരട്ടെ! ഒഴിവ് സമയം യാചകരായ കുട്ടികള്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്ന് പോലീസുകാരന്‍: കാക്കിയണിഞ്ഞ അധ്യാപകന് കൈയ്യടിച്ച് സോഷ്യല്‍ ലോകം

അയോധ്യ: എല്ലാവരാലും അവഗണിക്കപ്പെടുന്ന തെരുവുബാല്യങ്ങള്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്ന് നന്മയുടെ മുഖമായി പോലീസ് ഓഫീസര്‍. സബ് ഇന്‍സ്പെക്ടറായ രഞ്ജിത് യാദവ് ആണ് ആ നന്മ നിറഞ്ഞ പോലീസുകാരന്‍. അദ്ദേഹം നഗരത്തിലെ യാചകരായ കുട്ടികളെ അടിസ്ഥാന ഹിന്ദിയും ഇംഗ്ലീഷും കണക്കും പഠിപ്പിക്കുകയാണ്.

യൂണിഫോമില്‍ രഞ്ജിത് മരച്ചുവട്ടിലിരുന്ന് കുട്ടികളെ പഠിപ്പിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ മനം കവരുന്നത്. 2015 ബാച്ച് സബ് ഇന്‍സ്പെക്ടറാണ്
രഞ്ജിത് യാദവ്.

അയോധ്യ റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറലിന്റെ (ഡിഐജി) ഓഫീസിലാണ് രഞ്ജിത് യാദവിന്റെ നിയമനം. എന്നാല്‍ ഡ്യൂട്ടിയില്ലാത്ത സമയം അദ്ദേഹം കുട്ടികളെ പഠിപ്പിക്കുകയും യൂണിഫോമിലുള്ള അധ്യാപകന്‍ എന്ന അര്‍ഥത്തില്‍ ‘വാര്‍ഡി വാലെ ഗുരുജി’ എന്നുമാണ് അറിയപ്പെടുന്നത്.

‘തുടക്കത്തില്‍ ഞങ്ങള്‍ക്ക് സാറിനെ പേടിയായിരുന്നു, തല്ലുമോ എന്ന് ഭയപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ ക്ലാസില്‍ പങ്കെടുക്കുന്നത് രസകരമാണ്’ എന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

അനാഥയായ 12കാരി മെഹക് അക്ഷരങ്ങളും അക്കങ്ങളും തിരിച്ചറിയാന്‍ തുടങ്ങി, കൂടാതെ ചില കണക്കുകള്‍ ചെയ്യാനും അവള്‍ പഠിച്ചു. മുമ്പ് നയാഘട്ട് പോലീസ് പോസ്റ്റില്‍ വിന്യസിച്ചപ്പോഴാണ് രഞ്ജിത് യാദവ് ഈ ദൗത്യം ആരംഭിച്ചത്. മാതാപിതാക്കളോടൊപ്പം നദീതീരത്ത് ഭിക്ഷ യാചിക്കുന്ന നിരവധി കുട്ടികളെ അദ്ദേഹം കണ്ടു. നിരവധി യാചക കുടുംബങ്ങള്‍ താമസിക്കുന്ന ഖുര്‍ജ കുണ്ഡ് പ്രദേശത്താണ് കുട്ടികള്‍ താമസിക്കുന്നതെന്ന് അദ്ദേഹം കണ്ടെത്തി.

‘അവരെ കണ്ടതിന് ശേഷം, അവര്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ തീരുമാനിച്ചു, അങ്ങനെയാണ് നിരാലംബരായ കുട്ടികള്‍ക്കായി ഒരു ക്ലാസ് നടത്തുക എന്ന ആശയം ഉദിച്ചത്’ യാദവ് പി.ടി.ഐയോട് പറഞ്ഞു.

അവരുടെ രക്ഷിതാക്കളെ കണ്ട് ക്ലാസുകള്‍ തുടങ്ങിയാല്‍ കുട്ടികളെ അയക്കുമോ എന്ന് ചോദിച്ചു. തുടക്കത്തില്‍ അവര്‍ അത്ര ഉത്സാഹം കാണിച്ചില്ലെങ്കിലും പിന്നീട് സമ്മതിച്ചു. 2021 സെപ്റ്റംബറില്‍ ഞാന്‍ ക്ലാസുകള്‍ ആരംഭിച്ചു. ഇപ്പോള്‍ രാവിലെ 7 നും 9 നും ഇടയില്‍ 60-ലധികം കുട്ടികള്‍ ക്ലാസില്‍ സ്ഥിരമായി പങ്കെടുക്കുന്നു.

ഖുര്‍ജ കുണ്ഡിനടുത്തുള്ള ഒരു മരത്തിന്റെ ചുവട്ടിലാണ് ക്ലാസുകള്‍ നടക്കുന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പങ്കെടുക്കുന്നു. പോലീസ് ജോലിയ്ക്കാണ് തന്റെ പ്രഥമ പരിഗണനയെന്ന് യാദവ് പറഞ്ഞു. രാവിലെ ജോലിക്ക് പോകേണ്ടി വന്നാല്‍ ക്ലാസ് മാനേജ് ചെയ്യാന്‍ കുറച്ച് വിദ്യാര്‍ഥികളെ കിട്ടും. തന്റെ സീനിയേഴ്‌സ് നല്ല പിന്തുണ നല്‍കുന്നുണ്ട്.

തുടക്കത്തില്‍, ‘അപ്ന സ്‌കൂളിലെ’ നോട്ട്ബുക്കുകള്‍, പേനകള്‍, പെന്‍സിലുകള്‍ എന്നിവയുടെ ചെലവുകളും ഇന്‍സ്‌പെക്ടര്‍ തന്റെ ശമ്പളത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍ കൂടുതല്‍ കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തതോടെ ചെലവുകള്‍ കൂടി. സ്‌കൂളിന് വൈറ്റ്‌ബോര്‍ഡും ഉണ്ട്. ‘ചില സാമൂഹിക സംഘടനകളും നാട്ടുകാരും പിന്തുണയ്ക്കുന്നു’. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ (ബിഎച്ച്യു) ബിരുദാനന്തര ബിരുദം നേടിയ യാദവ് പറഞ്ഞു.

തന്റെ ക്ലാസിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അത് അവരുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കും എന്നതിനെക്കുറിച്ചും മൊബൈല്‍ വീഡിയോകള്‍ കുട്ടികളെ കാണിക്കാറുണ്ടെന്നും യാദവ് പറഞ്ഞു. ഏകദേശം 15 വയസ്സുള്ള, ഒരു വര്‍ഷത്തോളമായി ക്ലാസില്‍ പങ്കെടുക്കുന്ന ശിവ് ക്ലാസുകള്‍ തനിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കിയതായി പറയുന്നു

Exit mobile version