ചെന്നൈ: സംഘം ചേർന്നിരുന്നു കഞ്ചാവ് വലിക്കാൻ യുവാക്കൾക്ക് പെൺകുട്ടികളെ എത്തിച്ച് നൽകിയ കോളേജ് വിദ്യാർത്ഥിനിയായ കാമുകിയുടെ തല കാമുകൻ അടിച്ചു പൊളിച്ചു. തമിഴ്നാട് കന്യാകുമാരി കുളച്ചലിൽ വിദ്യാർഥിനിയുടെ താമസ സ്ഥലത്ത് ആണ് അക്രമം നടന്നത്. കഞ്ചാവ് വലിക്കുന്ന ജോയിന്റ് പാർട്ടിക്കിടെയാണ് കാമുകൻ എത്തി കാമുകിയുടെ തല തല്ലിപൊളിച്ചത്.
കൂടാതെ കഞ്ചാവ് വലിച്ച് ഇരുന്ന യുവാക്കളെയും അടിച്ച് ഓടിക്കുകയും ചെയ്തു. തലയ്ക്കടിയേറ്റ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. നാഗർകോവിൽ സ്വദേശിനിയായ വിദ്യാർഥിനി, അജിൻ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. അടുത്തിടെയാണ് പെൺകുട്ടി കഞ്ചാവ് ഉപയോഗം തുടങ്ങിയത്.
ആണും പെണ്ണും ഒന്നിച്ചിരുന്നു കഞ്ചാവ് വലിക്കുന്ന ജോയിന്റ് പാർട്ടികളിലായിരുന്നു പെൺകുട്ടിക്ക് കൂടുതൽ താൽപര്യം. ലഹരിയുടെ പാരമ്യത്തിൽ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും പാർട്ടികളിൽ നടന്നു വരുന്നുണ്ടായിരുന്നു. ഇത്തരം പാർട്ടികളിലേക്കു സഹപാഠികളെ എത്തിച്ചിരുന്നതും അടിയേറ്റ് കിടക്കുന്ന വിദ്യാർഥിനിയാണ്.
ലഹരിമരുന്ന് ഉപയോഗം സംബന്ധിച്ചു കാമുകനും പെൺകുട്ടിയും തമ്മിൽ തർക്കമുണ്ടായിരുന്നു. വ്യാഴാഴ്ച പെൺകുട്ടിയുടെ താമസസ്ഥലത്ത് പാർട്ടി നടക്കുന്നത് അജിന് രഹസ്യ വിവരം ലഭിച്ചു. പുലർച്ചെ മതിൽചാടി പെൺകുട്ടിയുടെ താമസസ്ഥലത്ത് എത്തിയ അജിൻ ആക്രമിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം, ഒളിവിൽപോയ അജിനായി പൊലീസ് തിരച്ചിൽ തുടരുന്നതിനിടെ, പെൺകുട്ടിയുടെ ചതിയിൽപെട്ട സഹപാഠികളിലൊരാൾ പാർട്ടിയുടെ രഹസ്യം വെളിപ്പെടുത്തുകയായിരുന്നു.
പെൺകുട്ടിയുടെ താമസസ്ഥലത്തു നടത്തിയ പരിശോധനയിൽ ഗർഭനിരോധന ഉറകളും കഞ്ചാവും കണ്ടെടുത്തു. കൂടുതൽ പെൺകുട്ടികൾ സംഘത്തിന്റെ കെണിയിൽപെട്ടിട്ടുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണെന്ന് കുളച്ചൽ പോലീസ് അറിയിച്ചു.
Discussion about this post