വീണ്ടും സാമുദായിക സൗഹാർദ്ദത്തിന് മാതൃകയായി ചുർ ഗ്രാമം. ഇവിടെ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്ന കുടുംബത്തിന് അയൽക്കാർ തണലായിരിക്കുകയാണ്. ചുരിലെ സൻവർമൽ ശർമ്മയുടെയും കുടുംബത്തിന്റേയും കഷ്ടപ്പാട് അറിഞ്ഞാണ് സമീപത്തെ മുസ്ലിം കുടുംബങ്ങൾ താങ്ങായി എത്തിയത്.
സൻവർമലിനും ഭാര്യയ്ക്കും മാനസിക വെല്ലുവിളി നേരിടുന്ന മൂന്ന് കുട്ടികളാണുള്ളത്. ഈ കുട്ടികളുടെ ചികിത്സയ്ക്കായി അദ്ദേഹത്തിന് തന്റെ ഭൂമി മുഴുവനും വിൽക്കേണ്ടി വന്നു. എന്നാൽ സമ്പത്ത് മുഴുവൻ നഷ്ടപ്പെടുത്തി ചികിത്സിച്ചിട്ടും മക്കളുടെ അവസ്ഥ മാറ്റമില്ലാതെ തുടരുകയായിരുന്നു.
ഒരു മകനും രണ്ട് പെൺമക്കളുമാണ് മാനസിക വെല്ലുവിളി നേരിടുന്നത്. പാരമ്പര്യമായി ലഭിച്ച സ്വത്തും വീടും എല്ലാം ശർമ്മ വിറ്റെങ്കിലും ശ്രമങ്ങളെല്ലാം വെറുതെയായി. കുട്ടികളിൽ ആരുടേയും നില മെച്ചപ്പെട്ടില്ല. മക്കളുടെ ചികിൽസയ്ക്ക് സ്വത്തുക്കളെല്ലാം വിൽക്കേണ്ടി വന്നതിനെത്തുടർന്ന് സൻവർമൽ ശർമ്മയും ഭാര്യ സരളയും തെരുവിലേക്ക് ഇറങ്ങേണ്ടിയും വന്നു.
ഈ സമയത്താണ് സമീപവാസികളായ മുസ്ലീം കുടുംബങ്ങൾ അദ്ദേഹത്തിന്റെ ദയനീയാവസ്ഥയെക്കുറിച്ച് അറിഞ്ഞത്. എല്ലാവരും സൻവർമൽ ശർമ്മയെ സഹായിക്കാനായി സ്വമേധയാ മുന്നോട്ട് വരികയായിരുന്നു. അവർ അദ്ദേഹത്തിന് 300 ചതുരശ്ര യാർഡ് ഭൂമി വാഗ്ദാനം ചെയ്യുകയും 80,000 രൂപ സമാഹരിച്ച് നൽകുകയും ചെയ്തു. ഈ ഭൂമിയിൽ കുടുംബത്തിന് താമസിക്കാൻ ഒരു മുറി വീടും അവർ നിർമ്മിച്ചു. ഇപ്പോൾ ആ കുടുംബത്തിന് ഈ ചെറിയ വീട്ടിൽ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് അവർ.
ഇസ്ഹാഖ് ഖാനാണ് അദ്ദേഹത്തെ സഹായിക്കാൻ ആദ്യം രംഗത്തെത്തിയത്. ഇസ്ഹാഖ് ഖാന്റെ മകൻ ലത്തീഫാണ് ഭൂമി സൗജന്യമായി നൽകിയത്. പിന്നീട് സുഹൃത്തുക്കളുടേയും നാട്ടുകാരുടെയും സഹായത്തോടെ 80,000 രൂപ സമാഹരിച്ച ലത്തീഫ് കുടുംബത്തിനായി ഭൂമിയിൽ ഒരു മുറി ഉണ്ടാക്കി നൽകി. സ്ഥിരമായ വീട് തയാറാകുന്നത് വരെ കുടുംബത്തിന് തൽക്കാലം അവിടെ താമസിക്കാനായി വാടകയ്ക്ക് ഒരു വീടും ഇവർ എടുത്തു നൽകിയിട്ടുമുണ്ട്.
സൻവർമലിന്റെ മൂത്ത മകൻ വിജയ്ക്ക് 18 വയസ്സും പൂജയ്ക്ക് 17 വയസ്സും മൂന്നാമത്തെ കുട്ടി ആരതിക്ക് 14 വയസ്സുമാണ്. മാതാപിതാക്കളെ പൂർണമായും ആശ്രയിക്കുന്നതിനാൽ മക്കളെ തനിച്ചാക്കി പണിക്ക് പോകാനും കഴിയില്ലെന്ന് ദമ്പതികൾ പറയുന്നു.