ശ്രീനഗർ: നിയന്ത്രണ രേഖയിൽ നിന്ന് പിടികൂടിയ പാകിസ്താൻ തീവ്രവാദിക്ക് രക്തം നൽകി ജീവൻ രക്ഷിച്ച് ഇന്ത്യൻ സൈനികർ. കാശ്മീരിലെ രജൗരിയിൽ നിന്ന് പിടികൂടിയ തീവ്രവാദിയെയാണ് സൈനികർ ജീവൻ കാത്തുരക്ഷിച്ചത്.
നിയന്ത്രണരേഖയ്ക്ക് സമീപത്തുനിന്ന് ഇന്ത്യൻ സുരക്ഷാസേന പിടികൂടിയ തബറാക് ഹുസൈൻ എന്ന തീവ്രവാദി ഇപ്പോൾ സൈന്യത്തിന്റെ ചികിത്സാ കേന്ദ്രത്തിൽ കഴിയുകയാണ്. സേനയുമായുള്ള ഏറ്റുമുട്ടലിനിടെ തബറാക് ഹുസൈന് പരിക്കേറ്റിരുന്നു. ചികിത്സയ്ക്കിടെ രക്തം വേണമെന്ന് അറിയിച്ചപ്പോൾ മറുത്ത് ചിന്തിക്കാതെ സൈനകിൻ സന്നദ്ധത അറിയിക്കുകയായിരുന്നു.
പാക് അധീന കശ്മീരിലെ സബ്സോത് സ്വദേശിയാണ് ഇയാൾ. പാക് സൈന്യത്തിലെ കേണൽ യൂനസ് ചൗധരിയുടെ നിർദേശപ്രകാരമാണ് താനും മറ്റ് നാല് പേരും നിയന്ത്രണരേഖയിലെത്തിയതെന്ന് ഇയാൾ വെളിപ്പെടുത്തി. നിയന്ത്രണരേഖ കടന്ന് ഇന്ത്യൻ സൈനികരെ ആക്രമിക്കണമെന്നാവശ്യപ്പെട്ട് തങ്ങൾക്ക് പണം തന്നിരുന്നുവെന്നും ഇയാൾ വെളിപ്പെടുത്തി.