ചെന്നൈ: താനും മകൻ ഉദയനിധിയും സഹോദരന്മാരാണോ എന്നു പലരും ചോദിക്കാറുണ്ടെന്ന് തുറന്ന് പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. വിദേശ സന്ദർശനങ്ങളിലാണ് ഇത്തരം ചോദ്യങ്ങളെ നേരിടേണ്ടി വരുന്നതെന്ന് സ്റ്റാലിൻ പറയുന്നു.
കൃത്യമായ ആരോഗ്യ പരിപാലന രീതികൾ പിന്തുടരുന്നതിനാലാണ് ഈ ചോദ്യത്തെ നേരിടേണ്ടി വരുന്നതെന്നും ചെറുപുഞ്ചിരിയോടെ സ്റ്റാലിൻ പറഞ്ഞു. ശരിയായ വ്യായാമത്തിനു സമയം കണ്ടെത്തുന്നതിനാലാണ് ശരീരം നന്നായി പരിപാലിക്കാൻ കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെന്നൈ കോർപറേഷൻ സംഘടിപ്പിച്ച ‘ഹാപ്പി സ്ട്രീറ്റ്’ പദ്ധതിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ചെന്നൈ ദിനാഘോഷത്തോട് അനുബന്ധിച്ച് ബസന്റ് നഗർ എലിയട്ട്‌സ് ബീച്ച് സന്ദർശിച്ച സ്റ്റാലിൻ കുട്ടികൾക്കൊപ്പം ബാസ്‌കറ്റ് ബോളും ബാഡ്മിന്റനും കളിക്കാനും അദ്ദേഹം സമയം കണ്ടെത്തി. അതേസമയം, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനായി സ്റ്റാലിൻ കേരളത്തിലെത്തും.
തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം, കർണാടക, പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവ ഉൾപ്പെടുന്ന ദക്ഷിണ മേഖലാ കൗൺസിൽ സെപ്റ്റംബർ മൂന്നിനു തിരുവനന്തപുരത്താണ് നടക്കുന്നത്. ഇതിൽ പങ്കെടുക്കാനാണ് സ്റ്റാലിൻ കേരളത്തിലേയ്ക്ക് എത്തുന്നത്. അയൽ സംസ്ഥാനങ്ങൾക്കിടയിലുള്ള പ്രശ്‌നങ്ങൾ യോഗം വിശദമായി ചർച്ച ചെയ്യും.