ബംഗളൂരു: ഭർത്താവിനെ വധിക്കാൻ ക്വട്ടേഷൻ നൽകിയ യുവതിയും സംഘവും അറസ്റ്റിൽ. പീന്യയിൽ താമസിക്കുന്ന കാർ ഡ്രൈവറായ നവീൻ കുമാറിന്റെ ഭാര്യയായ 26കാരി അനുപല്ലവിയാണ് അറസ്റ്റിലായത്. അനുപല്ലവിക്ക് ഹിമവന്ദ് കുമാർ എന്നയാളുമായി രഹസ്യബന്ധമുണ്ടായിരുന്നു. ഈ ബന്ധം തുടരാനായിരുന്നു ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത്.
ആദ്യമായിട്ടാണ് ഒരു മേയർ രാജുവേട്ടാ എന്ന് വിളിക്കുന്നത്; സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ്
നവീനെ വധിക്കാൻ ഹരീഷ്, നാഗരാജു, മുഗിലൻ എന്നിവരെയാണ് ഏർപ്പാടാക്കിയത്. രണ്ട് ലക്ഷം രൂപയും വാഗ്ദാനം ചെയ്തു. ഇതിൽ 90,000 രൂപയാണ് മുൻകൂറായി നൽകിയത്. ബാക്കി പണം കൃത്യത്തിന് ശേഷം നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജൂലൈ 23ന് ഹരീഷും സംഘവും നവീനെ തമിഴ്‌നാട്ടിലേക്ക് തട്ടിക്കൊണ്ടുപോയി.
എന്നാൽ നവീനെ വധിക്കാൻ ക്വട്ടേഷൻ സംഘത്തിന് ധൈര്യം വന്നില്ല. ഇതോടെ നവീന്റെ ദേഹത്ത് രക്തത്തിന് പകരം തക്കാളി സോസ് ഒഴിച്ച് ഫോട്ടോയെടുത്ത് അനുപല്ലവിക്കും ഹിമവന്ദിനും അയച്ചുകൊടുക്കുകയായിരുന്നു. ഫോട്ടോ കണ്ട് ഭയന്ന ഹിമവന്ദ് കുമാർ ജീവനൊടുക്കി.
ഓഗസ്റ്റ് രണ്ടിന് നവീൻ കുമാറിനെ കാണാനില്ലെന്നറിയിച്ച് സഹോദരി പരാതി നൽകി. ഓഗസ്റ്റ് ആറിന് നവീൻ തിരിച്ചെത്തി. ഇതോടെയാണ് സംഭവിച്ചതെല്ലാം പുറംലോകം അറിഞ്ഞത്. തുടർന്ന് അനുപല്ലവിയുടെ ഫോൺ പരിശോധിച്ച പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.