ചെന്നൈ: സ്ത്രീ സുരക്ഷ ലക്ഷ്യമിട്ട് മോട്ടോർ വാഹനനിയമം പുതുക്കി തമിഴ്‌നാട് സർക്കാർ. ബസിൽ വെച്ച് സ്ത്രീകളെ തുറിച്ച് നോക്കിയാൽ ഇനി മുതൽ കേസെടുക്കാമെന്ന് അധികൃതർ അറിയിച്ചു. അശ്ലീല ആംഗ്യങ്ങൾ കാണിക്കുക, സ്ത്രീകളോട് മോശമായി പെരുമാറുക, ലൈംഗിക അതിക്രമം നടത്തുക എന്നിവയെല്ലാം പുതുക്കിയ നിയമം പ്രകാരം ഗുരുതരമായ കുറ്റങ്ങളായി കണക്കാക്കുന്നതാണ്.
ബസിലെ കണ്ടക്ടർക്കാണ് ഇത്തരം വിഷയങ്ങളിൽ ഉത്തരവാദിത്വങ്ങൾ നൽകിയത്. യാത്ര ചെയ്യുന്നതിനിടയിൽ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് പരാതിയുണ്ടായാൽ യാത്രക്കാരനെ ബസ്സിൽ നിന്ന് പുറത്താക്കി പോലീസിനെ കൈമാറേണ്ട ഉത്തരവാദിത്വമാണ് കണ്ടക്ടറെ ഏൽപ്പിച്ചിരിക്കുന്നത്. സ്ത്രീകളെ നോക്കി ചൂളമടിക്കുക, തുറിച്ച് നോക്കൽ, ലൈംഗികമായി സ്പർശിക്കൽ, മൊബൈലിൽ സ്ത്രീകളുടെ ഫോട്ടോയോ വീഡിയോയോ എടുക്കൽ എന്നിവയെല്ലാം കുറ്റകരമാണ്. ഇതിനെല്ലാം ശിക്ഷ ഉറപ്പാക്കുന്നവയാണ് പുതിയ നിയമം.
സ്ത്രീകളോട് മോശമായി പെരുമാറിയാൽ കണ്ടക്ടർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുണ്ട്. പുതിയ നിയമം പ്രകാരം കർശന ശിക്ഷകളാണ് സ്വീകരിക്കുകയെന്ന് അധികൃതർ അറിയിച്ചു. സഹായിക്കുകയെന്ന നാട്യത്തിൽ ബസ്സിൽ നിന്ന് ഇറങ്ങുമ്പോഴോ കയറുമ്പോഴോ സ്ത്രീയെ മോശമായി സ്പർശിച്ചാൽ കണ്ടക്ടർക്കെതിരെ നടപടി ഉണ്ടാവുമെന്നും പുതുക്കിയ മോട്ടോർ വാഹനനിയമം പറയുന്നു.
സ്ത്രീകൾക്കെതിരെ ബസ്സിൽ വെച്ച് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചുവെന്ന് ബോധ്യപ്പെട്ടാൽ ഏതൊരു പുരുഷ യാത്രക്കാരനെയും സീറ്റിൽ നിന്ന് എണീപ്പിച്ച് പുറത്താക്കേണ്ട ബാധ്യത കണ്ടക്ടർക്കുണ്ട്. സഹയാത്രികരോട് കൂടി സംസാരിച്ച് കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് യാത്രക്കാരനെ പോലീസിനെ കൈമാറാവുന്നതാണ്. ഇത് കൂടാതെ ബസ്സിൽ പരാതികൾ എഴുതി വെക്കുന്നതിന് വേണ്ടി ഒരു പുസ്തകം വെക്കേണ്ടതും കണ്ടക്ടറുടെ ഉത്തരവാദിത്വമാണ്. ഏതൊരു യാത്രക്കാരനും ഈ പുസ്തകത്തിൽ പരാതി എഴുതി വെക്കാവുന്നതാണ്.
Discussion about this post