കോയമ്പത്തൂർ: മനുഷ്യന്റെ മരിക്കാതത് ന്നമയ്ക്ക് ഉദാഹരണമായി ഒട്ടേറെ സംഭവങ്ങൾ ദിവസേനെ വാർത്തകളാകാറുണ്ട്. ഇത്തരത്തിൽ മോശം വാർത്തകൾക്കിടയിലും മനുഷ്യത്വം കൈവിടാത്ത രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതമാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. കോയമ്പത്തൂർ സ്വദേശികളായ രണ്ട് വനിതാ പോലീസുകാരാണ് ഈ സംഭവത്തിലെ നായികമാർ.
അവകാശികളില്ലാത്ത 700ലധികം മൃതദേഹങ്ങൾക്ക് അർഹിച്ച അന്ത്യകർമ്മം നടത്തിയാണ് ഇവർ ശ്രദ്ധ നേടിയിരിക്കുന്നത്. കെ പ്രവീണ, എം ആമിന എന്നീ തമിഴ്‌നാട് പോലീസിലെ ഉദ്യോഗസ്ഥരാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി തങ്ങളുടെ ജോലിക്ക് പുറമെയയുള്ള സാമൂഹികമായ ഒരു സേവനം ചെയ്യുന്നത്. കോയമ്പത്തൂർ ജില്ലയിലെ അവകാശികളില്ലാത്തതും അജ്ഞാത ശവശരീരങ്ങളുമടക്കം 700-ലധികം മൃതദേഹങ്ങൾാണ് ഈ പോലീസുകാർ അന്തസുള്ള യാത്രയയപ്പ് നൽകിയിരിക്കുന്നത്.
33കാരിയായ പ്രവീണ പേരൂർ ഓൾ വുമൺ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണ്. ആമിന (38) മേട്ടുപ്പാളയം സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. ഉപേക്ഷിക്കപ്പെട്ടതും അവകാശികളില്ലാത്തതുമായ മൃതദേഹങ്ങളുടെ അന്ത്യകർമങ്ങൾ ചെയ്യുന്നതിന് പുറമെ മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഇവർ സജീവമാണ്. തെരുവിൽ കഴിയുന്ന നിരാലംബരെയും മാനസിക വെല്ലുവിളി നേരിടുന്നവരെയും രക്ഷിക്കുകയും പരിചരിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം സേവനങ്ങൾ ചെയ്യുന്ന ജീവശാന്തി ട്രസ്റ്റുമായി സഹകരിച്ചാണ് ഇരുവരും പ്രവർത്തിക്കുന്നത്.
പ്രവീണ കഴിഞ്ഞ ഏഴു വർഷമായി ഈ സേവന രംഗത്തുണ്ട്. ട്രസ്റ്റിനും സന്നദ്ധപ്രവർത്തകർക്കുമൊപ്പം 600ലധികം മൃതദേഹങ്ങളുടെ അന്ത്യകർമങ്ങൾക്കായി താൻ സഹായിച്ചിട്ടുണ്ടെന്ന് രണ്ട് കുട്ടികളുടെ അമ്മ കൂടിയായ പ്രവീണ പറയുന്നു. ഇത്തരത്തിലൊരു സാമൂഹ്യ സേവനം ചെയ്യാൻ മേലുദ്യോഗസ്ഥരിൽ നിന്നും ഭർത്താവ് യു യുവരാജിൽ നിന്നും തനിയ്ക്ക് ഏറെ പിന്തുണ ലഭിക്കുന്നുണ്ടെന്നാണ് പ്രവീണയുടെ വാക്കുകൾ.
കൂടാതെ, കോവിഡ് ലോക്ക്ഡൗൺ സമയത്ത് പ്രവീണ പേരൂരിലെ പോലീസ് ക്വാർട്ടേഴ്‌സിൽ ഭക്ഷണം പാകം ചെയ്യുകയും പ്രദേശത്തെ ഭവനരഹിതർക്കും പാവപ്പെട്ടവർക്കും എത്തിച്ചു നൽകുകയും ചെയ്തിരുന്നു. മൂന്ന് മാസക്കാലം ഇത്തരത്തിൽ പാഴ്‌സലുകൾ നൽകിയാണ് സേവനം നടത്തിയിരുന്നത്.
നാല് വർഷത്തിനിടെ 100-ലധികം മൃതദേഹങ്ങളുടെ അന്ത്യകർമങ്ങൾ നടത്തുന്നതിന് ആമിനയും ട്രസ്റ്റിനെ സഹായിച്ചിട്ടുണ്ട്. രണ്ട് കുട്ടികളുടെ അമ്മയായ ആമിനയ്ക്ക് ഇക്കാര്യത്തിൽ പൂർണ പിന്തുണ നൽകുന്നത് ഭർത്താവ് എ അൻവർദീനും സ്റ്റേഷനിലെ സഹപ്രവർത്തകരും മേലുദ്യോഗസ്ഥരുമാണ്. ആമിനയുടെ സന്നദ്ധ പ്രവർത്തനത്തിന് സേനാമേധാവിയിൽ നിന്ന് പ്രശംസാപത്രവും 5000 രൂപയും സമ്മാനമായി ലഭിക്കുകയും ചെയ്തു.