പാട്‌ന: വ്യാജ പോലീസ് സ്റ്റേഷൻ സെറ്റിട്ട് പണം തട്ടിയ വൻ തട്ടിപ്പ് സംഘം പിടിയിൽ. പോലീസുകാരായി ചമഞ്ഞ് നാട്ടുകാരുടെ കയ്യിൽ നിന്നും പണം തട്ടുകയായിരുന്നു സംഘത്തിന്റെ പ്രവർത്തനരീതി.ഏകദേശം എട്ടുമാസത്തോളമാണ് ഈ തട്ടിപ്പ് നടന്നതെന്നാണ് വിവരം.
ബിഹാറിലെ പട്‌നയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം. പരാതിയുമായി സ്റ്റേഷനിൽ എത്തുന്നവരിൽ നിന്നും ഇവർ പണം വാങ്ങിയിരുന്നു. പോലീസ് യൂണിഫോം, പോലീസ് തോക്കായി നാടൻ തോക്കും ഉപയോഗിച്ച് ഒറിജിനലിനെ വെല്ലുന്ന വിധമാണ് തട്ടിപ്പുകാർ വ്യാജ പോലീസ് സ്റ്റേഷൻ നടത്തി വന്നത്.
പോലീസ് വേഷത്തിൽ വ്യാജ പോലീസ് സ്‌റ്റേഷിനിൽ എപ്പോഴും സന്നിഹിതരായിരുന്നു സംഘം. നൂറിലേറെ പേരിൽ നിന്നും പണം തട്ടിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പരാതിക്കാരിൽ നിന്നും പണം തട്ടുന്നതിന് പുറമെ പോലീസിൽ ചേർക്കാമെന്ന് ഉറപ്പ് നൽകിയും ഇവർ പണം വാങ്ങിയിരുന്നു. സംഭവത്തിൽ രണ്ട് സ്ത്രീകൾ അടക്കം ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 500 രൂപ ദിവസവേതനത്തിനാണ് പോലീസായി വേഷമിടാൻ ആളുകളെ തെരഞ്ഞെടുത്തത്. സംഘത്തിലെ പ്രധാനി ഒളിവിലാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം, പോലീസായി ചമഞ്ഞ് പണം തട്ടുന്ന വാർത്തകൾ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഒരു വ്യാജ പോലീസ് സ്റ്റേഷൻ തന്നെ സെറ്റിട്ട് ഇത്തരതത്ിൽ വലിയ രീതിയിൽ തട്ടിപ്പ് നടത്തുന്ന വാർത്ത അപൂർവ്വമാണ്.
പ്രദേശത്തെ തന്നെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീടിന് 500 മീറ്റർ അകലെയാണ് ഇത്തരത്തിൽ വ്യാജേപാലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്നത് എന്നതും ശ്രദ്ധേയമാണ്. എൻഡിടിവിയാണ് സംഭവം റിപ്പോർട്ട് ചെയ്തത്.