അഹമ്മദാബാദ്: ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗക്കേസില്‍ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ച പ്രതികള്‍ക്ക് മധുരം നല്കി സ്വീകരണം. മധുര പലഹാരങ്ങള്‍ നല്‍കിയും മാലയിട്ടും കാല് തൊട്ട് വന്ദിച്ചുമാണ് പ്രതികളെ ബന്ധുക്കള്‍ സ്വീകരിച്ചത്. തിങ്കളാഴ്ചയാണ് ഗോധ്ര ജയിലില്‍ നിന്ന് പ്രതികളെ വിട്ടയച്ചത്. ഇതുമായി ബന്ധപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അതേസമയം ജീവപര്യന്തം തടവുകാരെ മോചിപ്പിച്ചത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് ബില്‍ക്കിസ് ബാനുവിന്റെ ഭര്‍ത്താവ് യാക്കൂബ് റസൂല്‍ പറഞ്ഞു.
‘ഞങ്ങളുടെ മകള്‍ ഉള്‍പ്പെടെ ആ സംഭവത്തില്‍ കൊല്ലപ്പെട്ടവരെ ഞങ്ങള്‍ എല്ലാ ദിവസവും ഓര്‍ക്കുന്നു. കലാപത്തില്‍ ജീവന് നഷ്ടപ്പെട്ട ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത്. ഞങ്ങള്‍ സമാധാനപരമായ ജീവിതം നയിച്ചുവരികയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രതികളെല്ലാം ജയില്‍ മോചിതരായതില്‍ ഞങ്ങള്‍ അങ്ങേയറ്റം അസ്വസ്ഥരാണ്. നേരത്തെ ഭയം ഉണ്ടായിരുന്നെങ്കിലും ഞങ്ങള്‍ സാധാരണ ജീവിതം നയിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇപ്പോള്‍ ഭയം വളരെയധികം വര്‍ധിച്ചു. അന്തരീക്ഷവും നല്ലതല്ല,’ ഇന്ത്യാ ടുഡെയ്ക്ക് നല്കിയ അഭിമുഖത്തില്‍ യാക്കൂബ് പറഞ്ഞു.
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്രം തടവുകാരെ മോചിപ്പിക്കുന്നതിനുള്ള പ്രത്യേക നയത്തിന് രൂപംകൊടുക്കുകയും സംസ്ഥാനങ്ങള്‍ക്ക് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ ഗോധ്ര സബ് ജയിലില്‍ നിന്ന് വിട്ടയച്ചത് മാപ്പ് നല്കി മോചിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ രൂപവത്ക്കരിച്ച നയത്തിന്റെ അടിസ്ഥാനത്തിലാണ്.
എന്നാല്‍, ബലാത്സംഗ കേസിലെ പ്രതികളെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനു വിരുദ്ധമാണ് ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി. ഇത് സര്‍ക്കാര്‍ നടപടിയെ വിവാദത്തിലാക്കിയിട്ടുണ്ട്.
’14 വര്‍ഷം ജയിലില്‍ കഴിഞ്ഞിട്ടും മോചിപ്പിക്കാതിരുന്നതോടെ ഇളവ് തേടി ഞാന്‍ സുപ്രിംകോടതിയെ സമീപിച്ചു. തീരുമാനം എടുക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു, അതിനുശേഷം ഞങ്ങളെ വിട്ടയച്ചു. പുറത്തിറങ്ങയതില്‍ എനിക്ക് സന്തോഷമുണ്ട്, എനിക്ക് എന്റെ കുടുംബാംഗങ്ങളെ കാണാനും ഒരു പുതിയ ജീവിതം ആരംഭിക്കാനും കഴിയും,’ ജയില്‍ മോചിതനായ ശേഷം പ്രതികളിലൊരാളായ രാധേശ്യാം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
2002 മാര്‍ച്ച് മൂന്നിനാണ് ആറ് മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് ബാനുവിനെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. ഗുജറാത്തിലെ ദഹോദ് ജില്ലയിലുണ്ടായ വര്‍ഗീയ ആക്രമണത്തിനിടെയായിരുന്നു അക്രമം. ഗര്‍ഭസ്ഥ ശിശുവും ബാനുവിന്റെ കുടുംബത്തിലെ മറ്റ് ആറുപേരും അക്രമികളാല്‍ കൊല്ലപ്പെട്ടു. 2008 ജനുവരി 21ന് മുംബൈ പ്രത്യേക കോടതി പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പിന്നീട് സുപ്രീം കോടതി ശിക്ഷ ശരിവെക്കുകയായിരുന്നു.
Discussion about this post