അഹമ്മദാബാദ്: ബില്‍ക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസിലെ 11 കുറ്റവാളികളെയും വിട്ടയച്ചു. ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട പ്രതികളെയാണ് വിട്ടയച്ചത്. 11 കുറ്റവാളികളും ഗോദ്ര ജയിലില്‍ നിന്ന് പുറത്തിറങ്ങി. ശിക്ഷ ഇളവ് ചെയ്തുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് നടപടി. 2008ലാണ് കേസില്‍ 11 പേരും കുറ്റവാളികളെന്ന് മുംബൈ കോടതി വിധിച്ചത്.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചു. കൂട്ടബലാത്സംഗത്തിനും ബില്‍ക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയതിനും 2008 ജനുവരി 21ന് മുംബൈയിലെ സിബിഐ കോടതിയാണ് ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈക്കോടതി ശരിവെച്ചു.
15 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം പ്രതികളിലൊരാള്‍ ജയില്‍ മോചനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ശിക്ഷാ ഇളവ് സംബന്ധിച്ച വിഷയം പരിശോധിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ചതായി പാനലിന്റെ തലവനായ പഞ്ച്മഹല്‍സ് കളക്ടര്‍ സുജല്‍ മയ്ത്ര പറഞ്ഞു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു കമ്മറ്റി രൂപീകരിക്കുകയും 11 പ്രതികളെയും വിട്ടയക്കാന്‍ ഏകകണ്ഠമായി തീരുമാനിക്കുകയുമായിരുന്നു. ഈ ശുപാര്‍ശ സര്‍ക്കാറിന് അയച്ചിരുന്നു. ഇന്നലെയാണ് മുഴുവനാളുകളെയും വിട്ടയക്കാനുള്ള ഉത്തരവ് ലഭിച്ചത്- മയ്ത്ര പറഞ്ഞു.
ഗുജറാത്ത് കലാപത്തിനിടെ 2002 മാര്‍ച്ച് മൂന്നിനായിരുന്നു ബില്‍ക്കീസ് ബാനുവിനെതിരെ കലാപകാരികളുടെ ആക്രമണമുണ്ടായത്. അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനുവിനെ അക്രമികള്‍ ക്രൂരമായി ബലാത്സംഗം ചെയ്തു. ഇവരുടെ കുടുംബത്തിലെ ഏഴ് സ്ത്രീകളെയാണ് അക്രമികള്‍ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്.
തുടര്‍ന്ന് ബില്‍ക്കീസ് ബാനു നടത്തിയ നിയമപോരാട്ടത്തെ തുടര്‍ന്ന് അവര്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും വീടും നല്‍കാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു.