ന്യൂഡൽഹി: രാജ്യം സ്വതന്ത്രമായതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഇത്തവണയും വേഷവിധാനത്തിൽ വ്യത്യസ്തത പുലർത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ സവിശേഷതകളും പാരമ്പര്യവും വിളിച്ചതോന്ന തലപ്പാവുകൾ തെരഞ്ഞെടുത്ത് എത്തുന്ന മോഡിയുടെ ലുക്ക് നിമിഷ നേരംകൊണ്ട് വൈറലാകാറുണ്ട്.
ഇത്തവണയും ആ പതിവ് തെറ്റിക്കാതെയാണ് പ്രധാനമന്ത്രി എത്തിയത്. വെള്ളയിൽ ദേശീയ പതാകയിലെ മൂന്ന് വർണ്ണങ്ങൾ നിറഞ്ഞ തലപ്പാവാണ് അദ്ദേഹം ധരിച്ചത്.
കാവിയിൽ ചുവപ്പും പിങ്കും ചേർന്ന നിറത്തിലുള്ള തലപ്പാവാണ് കഴിഞ്ഞ തവണ അദ്ദേഹം ധരിച്ചിരുന്നത്.
തുടർച്ചയായി ഒമ്പതാം തവണയും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ചെങ്കോട്ടയിൽ സംസാരിച്ച പ്രധാനമന്ത്രി മോഡി ത്രിവർണ്ണ തലപ്പാവിനൊപ്പം വെള്ള കൂർത്തയും പൈജാമായും നേവിബ്ലൂ വെയ്സ്റ്റ്കോട്ടുമാണ് ധരിച്ചത്.
ചെങ്കോട്ടയിലെ പ്രസംഗത്തിനായി മോഡി ഇത്തവണ ടെലിപ്രോംപ്റ്റർ ഉപയോഗിച്ചില്ല എന്നതാണ് പ്രധാന പ്രത്യേകത. ടെലിപ്രോംപ്റ്ററുകൾക്ക് പകരം പേപ്പർ നോട്ടുകളാണ് അദ്ദേഹം ഉപയോഗിച്ചത്. ഏതായാലും മോഡിയുടെ ലുക്ക് നിമിഷ നേരംകൊണ്ട് തന്നെ ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റി കഴിഞ്ഞു.