മംഗളൂരു: വിമാനയാത്രികന്റെ സംശയാസ്പദമായ ചാറ്റിനെ തുടർന്ന് വിമാനം വൈകിയത് ആറ് മണിക്കൂർ! യാത്രികന്റെ മൊബൈലിൽ വന്ന സംശയകരമായ സന്ദേശത്തെത്തുടർന്ന് സഹയാത്രികയാണ് പരാതിപ്പെട്ടത്. തുടർന്ന് പുറപ്പെടാനിരുന്ന മംഗളൂരു- മുംബൈ വിമാനം ആറു മണിക്കൂർ വൈകിയാണ് തിരിച്ചത്.
സഹയാത്രികന്റെ മൊബൈലിൽ വന്ന സന്ദേശത്തെക്കുറിച്ച് സമീപത്തിരുന്ന യാത്രകയ്ക്ക് ഉണ്ടായ സംശയമാണ് വിമാനം വൈകിപ്പിച്ചത്. ഞായർ രാത്രി മുംബൈയിൽനിന്നു മംഗളൂരുവിലേക്കു പറക്കാനൊരുങ്ങിയ ഇൻഡിഗോ വിമാനത്തിലാണു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
യുവതിയുടെ പരാതിയെത്തുടർന്ന് എല്ലാ യാത്രക്കാരോടും വിമാനത്തിൽനിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. പിന്നാലെ ലഗേജുകളും വിമാനത്തിനുൾ വശവും വീണ്ടും പരിശോധിച്ചു. അട്ടിമറി ശ്രമങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പറക്കാൻ അനുമതി നൽകിയത്.
വിമാനത്തിൽവച്ച് സഹയാത്രികന്റെ മൊബൈലിൽ വന്ന സന്ദേശം ഒരു യുവതി കാബിൻ ക്രൂവിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇവർ ഇത് എയർ ട്രാഫിക് കൺട്രോളറുടെ ശ്രദ്ധയിൽപ്പെടുത്തി. ടേക്ക് ഓഫിനായി തയാറായിരുന്ന വിമാനം ഇതോടെ ബേയിലേക്കു തിരികെക്കൊണ്ടുവന്നായിരുന്നു പരിശോധന.
പെൺസുഹൃത്തുമായി ചാറ്റ് ചെയ്യുകയായിരുന്നു യാത്രികൻ. ഈ സുഹൃത്ത് ബംഗളൂരുവിൽ ഇതേ വിമാനത്തിൽ കയറാൻ കാത്തിരിക്കുകയുമായിരുന്നു. ഇവരുടേത് സുരക്ഷയെക്കുറിച്ച് സുഹൃത്തുക്കൾ തമ്മിലുള്ള സൗഹൃദ ചാറ്റിങ് മാത്രമായിരുന്നു എന്ന് സിറ്റി പോലീസ് കമ്മിഷണർ ശശികുമാർ വ്യക്തമാക്കി.
എന്നാൽ യുവാവിനെ ചോദ്യംചെയ്യുന്നത് മണിക്കൂറുകൾ നീണ്ടതോടെ ഇയാൾക്ക് വിമാനത്തിൽ യാത്ര ചെയ്യാനായില്ല. പെൺസുഹൃത്തിനും വിമാനത്തിൽ കയറാനായില്ല. തുടർന്ന് വൈകിട്ട് അഞ്ചു മണിയോടെ യാത്രക്കാരായ 185 പേരെയും വിമാനത്തിൽ പ്രവേശിക്കാൻ അനുവദിക്കുയും തുടർന്നാണ് വിമാനം മംഗളൂരുവിലേക്കു പുറപ്പെട്ടത്.