അടുത്ത 25 വര്‍ഷത്തേക്ക് വലിയ പദ്ധതികളുണ്ട്: സ്വാതന്ത്ര്യദിനാശംസയ്ക്കിടെ വിഡി സവര്‍ക്കറെ അനുസ്മരിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പുതിയ തീരുമാനങ്ങളോടെ പുതിയ ദിശയിലേക്ക് ചുവടുവെയ്ക്കാനുള്ള ദിവസമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഐതിഹാസിക ദിവസമാണിത്. ലോകത്തിന്റെ എല്ലാ കോണിലും ത്രിവര്‍ണമണിയുന്ന ദിവസം. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. അടുത്ത 25 വര്‍ഷം രാജ്യത്തിന് പ്രധാനമാണ്. നമുക്ക് വലിയ പദ്ധതികളുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്തിനായി അഞ്ച് പ്രതിജ്ഞയും പ്രധാനമന്ത്രി മുന്നോട്ടുവെച്ചു. വികസനം പരമ പ്രധാനം, എല്ലാ അര്‍ഥത്തിലുമുള്ള സ്വാതന്ത്ര്യം, ഇന്ത്യയുടെ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുക, അഖണ്ഡത കാത്തുസൂക്ഷിക്കുക, പൗരധര്‍മം പാലിക്കുക എന്നീ പ്രതിജ്ഞകളാണ് പ്രധനമന്ത്രി മുന്നോട്ടുവെച്ചത്.

സ്വാതന്ത്ര്യദിനാശംസയ്ക്കിടെ പ്രധാനമന്ത്രി വിഡി സവര്‍ക്കറേയും അനുസ്മരിച്ചു.
‘ബാപു, നേതാജി സുഭാഷ് ചന്ദ്രബോസ്, ബാബാസാഹിബ് അംബേദ്കര്‍, വീര്‍ സവര്‍ക്കര്‍ എന്നിവര്‍ രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ചതില്‍ പൗരന്മാര്‍ അവരോട് എന്നും കടപ്പെട്ടിരിക്കുന്നു’- എന്ന് പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യ ദിന പരസ്യത്തില്‍ നിന്ന് നെഹ്‌റുവിനെ ഒഴിവാക്കി സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തിയ കര്‍ണാടക സര്‍ക്കാര്‍ നടപടി വിവാദമായതിന് പിന്നാലെയാണ് സവര്‍ക്കറെ പരാമര്‍ശിച്ചുകൊണ്ടുള്ള മോഡിയുടെ പ്രസംഗവും.

Exit mobile version