ന്യൂഡല്‍ഹി: കരിമ്പട്ടികയില്‍ നിന്ന് ഒഴിവാക്കി അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിനെ സഹായിച്ചത് മോഡി സര്‍ക്കാരെന്ന് കോണ്‍ഗ്രസ്. യുപിഎ സര്‍ക്കാര്‍ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കരിമ്പട്ടികയില്‍ നിന്ന് ഒഴിവാക്കി 100 ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാര്‍ അഗസ്റ്റ വെസ്റ്റ്‌ലാന്റിന് മോഡി സര്‍ക്കാര്‍ നല്‍കിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
2019 ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമ്പോള്‍ മോഡി സര്‍ക്കാരും അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡും തമ്മിലുള്ള അവിശുദ്ധ ഇടപാടിനെ കുറിച്ച് അന്വേഷിക്കുമെന്നും കോണ്‍ഗ്രസ് പറഞ്ഞു.
അതേസമയം, അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ അറസ്റ്റിലായ ക്രിസ്റ്റ്യന്‍ മിഷേലിനെ ചോദ്യം ചെയ്യുന്നതിനിടെ സോണിയ ഗാന്ധിയുടെ പേര് പരാമര്‍ശിച്ചെന്ന് ഇന്നലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഏത് സാഹചര്യത്തിലാണ് പേര് വെളിപ്പെടുത്തിയതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിരുന്നില്ല.