ബംഗളൂരു: 73-കാരനായ വ്യവസായിയായ തേൻകെണിയിൽപ്പെടുത്തി പണംതട്ടിയെടുത്ത സംഭവത്തിൽ യുവനടൻ അറസ്റ്റിൽ. ജെപി നഗർ സ്വദേശിയായ യുവരാജ് (യുവ) ആണ് അറസ്റ്റിലായത്. ഇയാളുടെ പെൺസുഹൃത്തുക്കളായ കാവന, നിധി എന്നിവരേയും പോലീസ് കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
നാലുവർഷം മുമ്പാണ് വ്യവസായി കാവനയുമായി പരിചയത്തിലായത്. ഒരാഴ്ചമുമ്പ് കാവന വ്യവസായിക്ക് നിധിയെന്ന കൂട്ടുകാരിയെ പരിചയപ്പെടുത്തിക്കൊടുത്തു. വ്യവസായി ഇരുയുവതികളുമായ് വാട്സ്ആപ്പിൽ അശ്ലീല സന്ദേശങ്ങൾ കൈമാറിയിരുന്നു.
പിന്നീട് ഓഗസ്റ്റ് മൂന്നിന് ഒരിടത്ത് വെച്ച് കാണണമെന്ന് യുവതികളിലൊരാൾ വ്യവസായിയെ അറിയിച്ചു. ഇതനുസരിച്ച് വ്യവസായി സ്ഥലത്തെത്തിയെങ്കിലും അജ്ഞാതരായ രണ്ടുപേർ ചേർന്ന് കാറിൽ ബലമായി കയറ്റിയിട്ട് തങ്ങൾ പോലീസാണെന്നും യുവതികളുമായുള്ള വാട്സാപ്പ് ചാറ്റിന്റെ പേരിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും അറിയിച്ചു.
പണം നൽകിയാൽ കേസിൽ നിന്നും ഒഴിവാക്കാമെന്ന് ഇവർ പറഞ്ഞത് അനുസരിച്ച് വ്യവസായി ആദ്യം 3.40 ലക്ഷം രൂപയും പിന്നീട് ആറുലക്ഷം രൂപയും നൽകിയിരുന്നു. എന്നാൽ പിന്നീട് ചാറ്റുകളുടെ സ്ക്രീൻഷോട്ട് കുടുംബാംഗങ്ങൾക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ കൂടി തട്ടിയെടുത്തു.
തുടർന്നും പണം ആവശ്യപ്പെട്ടപ്പോഴാണ് വ്യവസായി ഹലസൂരു ഗേറ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. നടനായ യുവരാജാണ് കേസിലെ മുഖ്യ ആസൂത്രകനെന്നും വ്യവസായിയെ കെണിയിൽപ്പെടുത്തി പണം തട്ടിയെടുക്കാൻ യുവരാജും യുവതികളും പദ്ധതിയിട്ടിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Discussion about this post