മുംബൈ: വിമാനത്തിൽവച്ച് പുകവലിച്ച് ദൃശ്യം ചിത്രീകരിച്ച ഇൻസ്റ്റഗ്രാം താരം ബോബി കതാരിയയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ജനുവരി 23ന് ദുബായിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന സ്പൈസ് ജെറ്റ് വിമാനത്തിലാണ് ബോബി കതാരിയ പുകവലിച്ചത്.
ബോബി കതാരിയവിമാനത്തിലിരുന്ന് പുകവലിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായ പശ്ചാത്തലത്തിലാണ് നടപടി. വിമാനത്തിനുള്ളിൽ പുകവലിക്കുന്നത് തീപിടുത്തം പോലുള്ള വലിയ അപകടമുണ്ടാക്കിയേക്കാമെന്ന് പലരും ഇൻസ്റ്റഗ്രാമിൽ ഉൾപ്പെടെ ചൂണ്ടിക്കാട്ടി വിമർശിച്ച പശ്ചാത്തലത്തിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ 6.3 ലക്ഷം ഫോളോവേഴ്സാണ് ബോബി കതാരിയയ്ക്കുള്ളത്. ഇയാൾക്കെതിരെ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയും അറിയിച്ചിട്ടുണ്ട്. ഇത്തരം പ്രവൃത്തികളെ അനുവദിക്കില്ലെന്ന് വ്യോമയാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
Discussion about this post