ചെന്നൈ: രാജ്യം 75ാം സ്വാതന്ത്ര്യദിനാഘോഷത്തിലാണ്. വിവിധ തരത്തിലാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്. സൈബറിടങ്ങളില്‍ ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കിയുളള ആഘോഷങ്ങള്‍ നേരത്തെ ആരംഭിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കണ്ണില്‍ ദേശീയ പതാക വരച്ചിരിക്കുകയാണ് ഒരു കലാകാരന്. മിനിയേച്ചര്‍ ആര്‍ട്ടിസ്റ്റായ കോയമ്പത്തൂര്‍ സ്വദേശി യുഎംടി രാജയാണ് സാഹസികമായി കണ്ണില്‍ ദേശീയ പതാക വരച്ചിരിക്കുന്നത്. സാമൂഹികമയിട്ടുളള വിവിധ കാര്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ കലയെ ഉപയോഗിക്കുന്നയാളാണ് രാജ.
16-ാം ശ്രമത്തിലാണ് രാജയ്ക്ക് തന്റെ കണ്ണിനുളളില്‍ കുഞ്ഞന്‍ ദേശീയ പതാക വരച്ച് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. മെഴുകിന്റേയും മുട്ടയുടേയും മിശ്രിതം ഉപയോഗിച്ചാണ് രാജ തന്റെ കൃഷ്ണമണിയില്‍ ദേശീയ പതാക വരച്ചത്. വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് താന്‍ ചിത്രം വരച്ചത്. അതേസമയം ആരും ഇത് അനുകരിക്കരുത് എന്നും രാജ മുന്നറിയിപ്പായി പറയുന്നു.
‘നമ്മുടെ ദേശീയ പതാക എത്ര പ്രധാനമാണെന്നും അത് നമ്മുടെ കണ്ണ് പോലെ സംരക്ഷിക്കപ്പെടണമെന്നും അവബോധം നല്‍കാനാണ് ഞാന്‍ ദേശീയ പതാക എന്റെ കണ്ണില്‍ വരച്ചത്’ എന്നും രാജ പറഞ്ഞു.
Discussion about this post