ഫിറോസാബാദ്: പോലീസ് മെസ്സിൽ നിന്നും ലഭിച്ച മോശം ഭക്ഷണവുമായി നടുറോഡിലെത്തി പൊട്ടിക്കരഞ്ഞ് സങ്കടം പറഞ്ഞ് ഉത്തർപ്രദേശിലെ പോലീസ് കോൺസ്റ്റബിൾ. ഉദ്യോഗസ്ഥന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. മൃഗങ്ങൾ പോലും കഴിക്കാത്ത ഭക്ഷണമാണ് ഞങ്ങൾക്ക് ലഭിക്കുന്നതെന്നും ഈ ഭക്ഷണം കഴിച്ച് എങ്ങനെ ജോലിചെയ്യുമെന്നും ഇദ്ദേഹം വീഡിയോയിൽ ചോദിക്കുന്നു.
Constable Manoj Kumar speaks to the media. Says he tried reaching out to the SP but got no response. Later, he came out in public with his grievance over the quality of food. pic.twitter.com/rz8iJ2io7n
— Piyush Rai (@Benarasiyaa) August 10, 2022
പോലീസ് കോൺസ്റ്റബിളായ മനോജ് കുമാറാണ് കൈയ്യിൽ പിടിച്ച പ്ലേറ്റിലെ റൊട്ടിയും കറിയും ചൂണ്ടിക്കാട്ടി റോഡിൽനിന്ന് സങ്കടം പറഞ്ഞത്. മറ്റൊരു പോലീസുകാരൻ ഇയാളുടെ അടുത്തെത്തി സമാധാനിപ്പിക്കുന്നതും വീഡിയോയിൽ കാണാം. മോശം ഭക്ഷണം സംബന്ധിച്ച് നിരവധി തവണ പരാതിപ്പെട്ടതാണെന്നും പരിഹാരമുണ്ടായിട്ടില്ലെന്നും പോലീസുകാരൻ ആരോപിച്ചു.
പരാതി പറയുമ്പോൾ ഭീഷണിപ്പെടുത്തുന്നു. ജോലി പോലും നഷ്ടപ്പെടുമെന്ന ഭയമുണ്ടെന്നും പോലീസുകാരൻ വെളിപ്പെടുത്തി. കുറച്ചുദിവസം മുന്നേയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലീസ് ഉദ്യോഗസ്ഥർക്ക് പോഷകസമൃദ്ധമായ ഭക്ഷണത്തിനായുള്ള അലവൻസ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്.
പിന്നാലെയാണ് പോലീസുകാരുടെ ദുരിത ജീവിതം പുറത്തുവന്നത്. ഭക്ഷണത്തേക്കുറിച്ച് പരാതിപറഞ്ഞ പോലീസുകാരനെ വിവിധ കാരണത്തിന്റെ പേരിൽ 15 തവണ ശിക്ഷിച്ചതാണെന്നും ട്വീറ്റിൽ വ്യക്തമാക്കുന്നുണ്ട്.