യുപി: വീട്ടുകാർക്ക് ഇഷ്ടമില്ലാത്ത പ്രണയബന്ധത്തിൽ തുടർന്ന മകളെ കൊലപ്പെടുത്താനായി ഒരു ലക്ഷം രൂപയ്ക്കു ക്വട്ടേഷൻ നൽകിയ പിതാവ് അറസ്റ്റിൽ ക്വട്ടേഷനെടുത്ത രണ്ടുപേരെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഉത്തർപ്രദേശിലെ കങ്കർഖേഡയിലാണ് സംഭവം.
പ്രണബന്ധത്തെ ചൊല്ലി വീട്ടിൽ തർക്കമുണ്ടായതോടെ പെൺകുട്ടി വീടിന് മുകളിൽ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് മകൾ അഡ്മിറ്റായ ആശുപത്രിയിലെ ജീവനക്കാരനെ പണം നൽകി വശീകരിച്ച് മകളെ വധിക്കാനായി പിതാവ് പ്രേരിപ്പിച്ചത്.
പെൺകുട്ടിക്ക് ഉയർന്ന അളവിൽ പൊട്ടാസ്യം ക്ലോറൈഡ് ശരീരത്തിൽ കുത്തിവച്ചാണ് കൊല്ലാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്കു മാറ്റിയപ്പോഴാണ് വിവരം പുറത്തുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവ് നവീൻ കുമാർ, ആശുപത്രി ജീവനക്കാരൻ നരേഷ് കുമാർ, ഇവരെ സഹായിച്ച ആശുപത്രിയിലെ മറ്റൊരു ജീവനക്കാരി എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
അതേസമയം വീടിന് മുകളിൽ നിന്നും പെൺകുട്ടി ചാടിയത് കുരങ്ങുകളെ കണ്ട് ഭയന്നാണെന്നായിരുന്നു പിതാവ് ആശുപത്രി അധികൃതരോടു പറഞ്ഞിരുന്നത്. ഇതിനിടെയാണ് ഒരു ലക്ഷം രൂപ നൽകി ആശുപത്രി ജീവനക്കാരനായ നരേഷ് കുമാറിന് ക്വട്ടേഷൻ നൽകിയത്. ഒരു വനിതാ ജീവനക്കാരിയുടെ സഹായത്തോടെ ഡോക്ടറുടെ വേഷത്തിൽ ഐസിയുവിൽ പ്രവേശിച്ച നരേഷ് കുമാർ, പെൺകുട്ടിയുടെ ശരീരത്തിൽ ഉയർന്ന അളവിൽ പൊട്ടാസ്യം ക്ലോറൈഡ് കുത്തിവയ്ക്കുകയായിരുന്നു. പെട്ടെന്ന് പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായെങ്കിലും മറ്റൊരു ആശുപത്രിയിലേക്കു മാറ്റി.
ഇവിടെ നടത്തിയ പരിശോധനയിൽ കൂടിയ അളവിൽ പൊട്ടാസ്യം ക്ലോറൈഡ് ശരീരത്തിൽ എത്തിയതായി ഡോക്ടർമാർ കണ്ടെത്തിയത്. പിന്നാലെ, നരേഷ് പെൺകുട്ടിയുടെ ശരീരത്തിൽ കുത്തിവയ്ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നു. ഇയാളിൽനിന്നു പൊട്ടാസ്യം ക്ലോറൈഡ് നിറച്ച സിറിഞ്ചും 90,000 രൂപയും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.