അഹമ്മദാബാദ്: ജനിച്ചു വീണ പെൺകുട്ടിയെ ജീവനോടെ കുഴിച്ചു മൂടി മാതാപിതാക്കൾ. ഗുജറാത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ആശുപത്രി ചികിത്സയ്ക്ക് പണമില്ലാത്തതിനെ തുടർന്നാണ് കുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടിയത്. എന്നാൽ കുട്ടിയെ ജീവിതത്തിലേയ്ക്ക് തിരികെ എത്തിച്ചിരിക്കുകയാണ് ഒരു കർഷകൻ. മാസംതികയാതെ പിറന്ന കുഞ്ഞ് നിലവിൽ, ആശുപത്രിയിൽ ചികിത്സയിലാണ്.
സബർക്കന്ധ ജില്ലയിലെ ഗംഭോയി ഗ്രാമത്തിൽ ഒരു പാടത്തു നിന്നാണ് ജനിച്ച് മൂന്നുമണിക്കൂകൾ മമാത്രമുള്ള പെൺകുഞ്ഞിനെ രക്ഷിച്ചത്. സ്ഥലമുടമയായ ജിതേന്ദ്രസിങ് ധാബി ബുധനാഴ്ച രാവിലെ പാടത്തുവന്നപ്പോൾ മണ്ണിനടിയിൽ എന്തോ അനങ്ങുന്നത് കണ്ടു. പാമ്പോ മറ്റോ ആയിരിക്കുമെന്നുകരുതി ആദ്യം വടിയെടുത്ത് അടിക്കാനൊരുങ്ങി. എന്നാൽ, മനുഷ്യക്കുഞ്ഞിന്റെ കരച്ചിൽ കേട്ടു. ഇതോടെ വടി ഉപേക്ഷിച്ച് കൈകൾ കണ്ട് പതിയെ മണ്ണ് നീക്കി.
അടുത്തുണ്ടായിരുന്ന ആളുകളെയും സഹായത്തിന് വിളിച്ചു. ഉടനെ കുഞ്ഞിനെ പുറത്തെടുത്ത് ആംബുലൻസ് വിളിച്ച് ഹിമ്മത്‌നഗർ സിവിൽ ആശുപത്രിയിലെത്തിച്ചു. കുട്ടിയെ ഏഴര മാസം വളർച്ചയെത്തിയപ്പോൾ പ്രസവിച്ചതാണെന്നും ഒരു കിലോയെ തൂക്കമുള്ളൂവെന്നും പരിശോധനയിൽ നിന്നും വ്യക്തമായി. മൂക്കിലും വായിലുമെല്ലാം മണ്ണ് കയറിയതിനാൽ കുട്ടി കടുത്ത ശ്വാസതടസം നേരിടുന്നുണ്ട്. കൃത്രിമ ശ്വാസോച്ഛ്വാസം നൽകിവരികയാണ്.
സബർക്കന്ധ പോലീസ് ഉടൻതന്നെ മൂന്ന് സംഘങ്ങളായി അന്വേഷണം ആരംഭിച്ചു. ഗ്രാമത്തിലെ ഗർഭിണിയായ ഒരു സ്ത്രീയെയും ഭർത്താവിനെയും ചാമുണ്ഡനഗറിൽനിന്ന് കാണാനില്ലെന്ന വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും പിടികൂടി. മഞ്ജുള ബജാനിയയുടെയും ശൈലേഷിന്റെയുമാണ് കുഞ്ഞാണെന്ന് ചോദ്യം ചെയ്യലിൽ നിന്നും വ്യക്തമായി. പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.