ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച എന്‍ജിനില്ലാത്ത അതിവേഗ ട്രെയിന്‍ ‘ട്രെയിന്‍ 18’ രണ്ടാമത്തെ പരീക്ഷണ ഓട്ടവും വിജയകരമായി പൂര്‍ത്തിയാക്കി. 665 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള ഡല്‍ഹി – അലഹബാദ് യാത്ര ആറു മണിക്കൂര്‍ 20 മിനുട്ടു കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. രാജധാനി എക്‌സ്പ്രസിനേക്കാള്‍ രണ്ട് മണിക്കൂര്‍ നേരത്തെ ആണ് ട്രെയിന്‍ 18 യാത്ര പൂര്‍ത്തിയാക്കിയത്.
100 കോടി രൂപ ചെലവില്‍ 18 മാസം കൊണ്ട് ചെന്നൈയിലുള്ള ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയാണ് ട്രെയിന്‍ നിര്‍മ്മിച്ചത്. റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ട്വിറ്ററിലൂടെയാണ് ട്രെയിന്‍ 18 നെ രാജ്യത്തെ വേഗതയേറിയ ട്രെയിനായി പ്രഖ്യാപിച്ചത്. 180 കിലോമീറ്ററാണ് ഈ ട്രെയിനിന്റെ പരമാവധി വേഗത. അടുത്ത മാസം പകുതിയോടെ ട്രെയിന്‍ യാഥാര്‍ഥ്യമാകുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. ഡല്‍ഹിയില്‍ നിന്നും വാരണാസി റൂട്ടിലാണ് ആദ്യം ട്രെയിന്‍ 18 സര്‍വീസ് ആരംഭിക്കുക.
ട്രെയില്‍ 18 ന്റെ വാതിലുകള്‍ പൂര്‍ണമായും ഓട്ടോമാറ്റിക് ആണ്. ശീതികരിച്ച 16 ചെയര്‍കാറുകളാണ് ഇതില്‍ ഉള്ളത്. ജിപിഎസ് സംവിധാനത്തോടെയുളള സ്ഥലവിവരണവും വൈഫൈ സൗകര്യവും ഉണ്ടാകും. മറ്റു ട്രെയിനുകളില്‍ നിന്ന് വ്യത്യസ്തമായി മോഡുലാര്‍ ബാത്ത്‌റൂമുകളായിരിക്കും ട്രെയിന്‍ 18ല്‍ ഉണ്ടാകുക.
Discussion about this post