ലഖ്നൗ: ഉത്തപർപ്രദേശിലെ ലാൽഗഞ്ചിലെ ഈ നാല് സഹോദരങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. നാലുപേരും യുപിഎസ് സി എക്‌സാം എന്ന കടമ്പ കടന്ന് സിൽ സർവീസ് കരസ്ഥമാക്കിയവരാണ്. അനിൽ പ്രകാശ് മിശ്രയെന്ന മുൻ ഗ്രാമീൺ ബാങ്ക് മാനേജറുടെ മക്കളാണ് നാലുപേരും. നന്നായി പഠിക്കണമെന്ന അച്ഛന്റെ ആഗ്രഹമാണ് മക്കൾ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന പദവി സ്വന്തമാക്കി കൊണ്ട് സഫലമാക്കിയിരിക്കുന്നത്.
അനിൽ പ്രകാശ് മിശ്രയ്ക്ക് നാല് മക്കളാണുളളത് രണ്ട് ആൺമക്കളും രണ്ട് പെൺമക്കളും. പഠനത്തിലും സാമൂഹികമായ പിന്നോക്കാവസ്ഥയും എല്ലാം ഇവരും അനുഭവിച്ചിരുന്നു. ഏത് കഷ്ടപ്പാടിലും മക്കൾക്ക് നല്ല വിദ്യാഭ്യാസം നേടി കൊടുക്കണമെന്ന് അനിൽ പ്രകാശിന് വാശിയായിരുന്നു.
കുട്ടികൾക്ക് ഉയർന്ന വിദ്യാഭ്യാസം നൽകുന്നതിൽ ഞാൻ ഒരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല. അവർക്ക് നല്ല ജോലി കിട്ടുകയാണ് എനിക്ക് വേണ്ടതെന്നാണ് അനിൽ പ്രകാശ് മിശ്ര പറയുന്നത്. അങ്ങനെയാണ് നാല് മക്കളും സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നതവിജയം നേടുന്നത്.
നാല് മക്കളിൽ മൂത്തയാളായ യോഗേഷ് മിശ്രയാണ് കുടുംബത്തിൽ ആദ്യമായി ഐഎഎസ് കരസ്ഥമാക്കിയത്. ലാൽഗഞ്ചിലെ സ്‌കൂൾ പഠനത്തിന് ശേഷം യോഗേഷ് പിന്നീട് എഞ്ചിനീയറിംഗ് പഠിക്കാനായി മോത്തിലാൽ നെഹ്റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ചേർന്നു. തുടർന്ന് നോയിഡയിൽ എഞ്ചിനീയറായി ജോലി ചെയ്തു. ഇക്കാലത്താണ് സിവിൽ സർവ്വീസ് പരീക്ഷയ്ക്കായി പരിശീലിക്കാൻ തുടങ്ങിയത്.
പരിശ്രമങ്ങൾക്കൊടുവിൽ 2013-ൽ യുപിഎസ് സി പരീക്ഷ വിജയിച്ച് യോഗേഷ് ഐഎഎസ് ഓഫീസറായി. തൊട്ടുപിന്നാലെ യോഗേഷിന്റെ അനിയത്ത് ക്ഷമ മിശ്രയും സിവിൽ സർവ്വീസ് പരീക്ഷയ്ക്കായി തയ്യാറെടുപ്പ് ആരംഭിച്ചു. ആദ്യ മൂന്ന് തവണയും പരാജയം നുണഞ്ഞെങ്കിലും ക്ഷമ മിശ്ര പിൻമാറിയില്ല. വാശിയോടെ പഠിച്ച് നാലാമത്തെ പരിശ്രമത്തിൽ സ്വപ്നം യാഥാർഥ്യമായി. ക്ഷമ ഐപിഎസ് ആണ് തിരഞ്ഞെടുത്തത്.
അനിൽ പ്രകാശിന്റെ മൂന്നാമത്തെ മകൾ മാധുരി മിശ്ര ലാൽഗഞ്ചിൽ തന്നെയാണ് ബിരുദവും പൂർത്തിയാക്കിയത്. ശേഷം മാസ്റ്റേഴ്സ് ബിരുദമെടുക്കാൻ അലഹബാദിലേക്ക് പോയി. പിന്നീട് 2014-ലാണ് യുപിഎസ്‌സി പരീക്ഷയിൽ വിജയം നേടിയത്. ഇപ്പോൾ ജാർഖണ്ഡ് കേഡറിൽ ഐഎഎസ് ഓഫീസറായി ജോലി ചെയ്യുകയാണ് മാധുരി.
സിവിൽ സർവീസ് സഹോദരങ്ങളിലം ഏറ്റവും ഇളയയാളാണ് ലോകേഷ് മിശ്ര. ലോകേഷും സഹോദരങ്ങളുടെ പാത പിന്തുടർന്ന് സിവിൽ സർവീസ് കടമ്പ വിജയകരമായി പൂർത്തിയാക്കി. 2015-ലെ യുപിഎസ്സി പരീക്ഷയിൽ ലോകേഷ് 44-ാം റാങ്കാണ് നേടിയത്. ഇപ്പോൾ ബീഹാർ കേഡറിലെ ഉദ്യോഗസ്ഥനാണ് ലോകേഷ് മിശ്ര.