മുസാഫര്‍പുര്‍: കോവിഡ് 19 പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്ത് നടത്തിയ വാക്‌സിനേഷന്‍ ഡ്രൈവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി ബിഹാര്‍ മന്ത്രി റാം സൂറത്ത് റായ്. ജനങ്ങള്‍ ജീവിച്ചിരിക്കാന്‍ കാരണം നരേന്ദ്ര മോഡിയാണെന്ന് അദ്ദേഹം പറഞ്ഞു. മുസാഫര്‍പുരില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങള്‍ ഇന്ന് ജീവിച്ചിരിക്കാന്‍ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ്. അദ്ദേഹം കോവിഡ് പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുന്ന സമയത്ത് വാക്‌സിന്‍ വികസിപ്പിച്ച് രാജ്യത്തെ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയെന്നും മന്ത്രി പറഞ്ഞു.
ഇപ്പോഴും പല രാജ്യങ്ങളും കോവിഡ് പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇന്ത്യയിലെ സാമ്പത്തികസ്ഥിതി വളരെ വേഗത്തില്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നു. പാകിസ്താനിലുള്ളവരോട് സംസാരിച്ചു നോക്കൂ, അവിടത്തെ അവസ്ഥ എന്താണെന്ന് മാധ്യമങ്ങളില്‍ കൂടി നമുക്ക് മനസ്സിലാകും. എന്നാല്‍ ഇന്ത്യക്കാര്‍ ഇപ്പോഴും സമാധാനത്തിലാണെന്നും റാം സുറത്ത് റായ് പറയുന്നു.