കര്‍ഷകര്‍ക്ക് വാഗ്ദാനം നല്‍കി കോണ്‍ഗ്രസ് പറ്റിച്ചു; നല്‍കിയത് കോലുമിഠായി മാത്രം; പരിഹസിച്ച് മോഡി; എന്നാണ് മോഡി കര്‍ഷകരെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്? തിരിച്ചടിച്ച് കോണ്‍ഗ്രസ്

കര്‍ഷകര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കി കോണ്‍ഗ്രസ് പറ്റിക്കുകയായിരുന്നെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി.

ഗാസിപൂര്‍: കര്‍ഷകര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കി കോണ്‍ഗ്രസ് പറ്റിക്കുകയായിരുന്നെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോണ്‍ഗ്രസ് സര്‍ക്കാര്‍ ചില സംസ്ഥാനങ്ങള്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും കര്‍ഷകര്‍ക്ക് കോണ്‍ഗ്രസ് യഥാര്‍ത്ഥത്തില്‍ നല്‍കിയത് കോലുമിഠായി ആണെന്നും മോഡി ആരോപിച്ചു. ഗാസിയാപൂരിലെ മെഡിക്കല്‍ കോളേജില്‍ തറക്കല്ലിടല്‍ ചടങ്ങിനെത്തിയതായിരുന്നു മോഡി.

കര്‍ണ്ണാടക സര്‍ക്കാര്‍ കാര്‍ഷിക കടങ്ങളെല്ലാം എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചെങ്കിലും 60 കോടിക്ക് പകരം 80 പേരുടെ കടങ്ങള്‍ മാത്രമാണ് എഴുതി തള്ളിയത്. വളരെ കുറച്ചു പേര്‍ക്ക് മാത്രമെ ഇതിലൂടെ സഹായം ലഭിച്ചുള്ളൂവെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസ് ഒരു കോലുമിഠായി ഫാക്ടറി ആണ്, കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കഴിയില്ലെന്നും മോഡി പറഞ്ഞു. കോണ്‍ഗ്രസ് മധ്യപ്രദേശിലും, രാജസ്ഥാനിലും, ചത്തീസ്ഗഢിലും ഭരണം പിടിച്ചു. അവിടങ്ങളിലെ കര്‍ഷകര്‍ ഇപ്പോള്‍ തന്നെ യൂറിയയ്ക്ക് വേണ്ടി വരി നിന്ന് കഷ്ടപ്പെടുകയാണ്. ഇവിടെ കര്‍ണ്ണാടകയിലും കോണ്‍ഗ്രസ് പിന്നിലൂടെ കടന്ന് വന്ന് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുകയാണ്. അവര്‍ ജനങ്ങള്‍ക്ക് ലോലിപോപ്പുകളാണ് നല്‍കിയത്. 800 പേരുടെ കാര്‍ഷിക കടങ്ങള്‍ മാത്രമാണ് അവര്‍ എഴുതി തള്ളിയത്. ഇത്തരം കോലുമിഠായി കമ്പനികളെ നിങ്ങള്‍ എങ്ങനെ വിശ്വസിക്കും മോഡി പറഞ്ഞു.

എന്നാല്‍, നിയസഭാ തെരഞ്ഞെടുപ്പുകളിലെ തോല്‍വിക്കു ശേഷമാണ് പ്രധാനമന്ത്രിക്ക് കര്‍ഷകരെക്കുറിച്ച് ചിന്ത വന്നതെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു.

Exit mobile version