ഹൂഗ്ലി : ക്ലാസ്സില്‍ ചൂളമടിച്ചെന്നാരോപിച്ച് ആറ് വിദ്യാര്‍ഥികളുടെ മുടി മുറിച്ച് പ്രധാനാധ്യാപിക. കൊല്‍ക്കത്തയിലെ ദക്ഷിണേശ്വറിലാണ് സംഭവം. ചൂളമടിച്ചതാരാണെന്ന് വ്യക്തമാകാതെ വന്നതോടെ സംശയം തോന്നിയ കുട്ടികളുടെ മുടി അധ്യാപിക മുറിയ്ക്കുകയായിരുന്നു.
അരിയാദാഹ കലാചന്ദ് ബോയ്‌സ് ഹൈസ്‌കൂളിലെ പ്രധാനാധ്യാപിക ഇന്ദ്രാണി മജുംദാര്‍ ആണ് കുട്ടികളുടെ മുടി മുറിച്ചത്. വെള്ളിയാഴ്ച ഫിസിക്‌സ് ക്ലാസ്സിനിടെ ഒമ്പതാം ക്ലാസ്സിലെ വിദ്യാര്‍ഥികളിലാരോ ചൂളമടിച്ചു. ആരാണ് ചൂളമടിച്ചതെന്ന ക്ലാസ്സ് ടീച്ചറുടെ ചോദ്യത്തിന് വിദ്യാര്‍ഥികള്‍ ഉത്തരം നല്‍കിയില്ല. ഉടന്‍ തന്നെ അധ്യാപിക സംശയം തോന്നിയ ആറ് പേരെ പ്രധാനാധ്യാപികയുടെ ഓഫീസിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് പ്രധാനാധ്യാപിക ചോദിച്ചിട്ടും കുട്ടികള്‍ ആരാണ് ചൂളമടിച്ചതെന്ന് പറഞ്ഞില്ല. തുടര്‍ന്ന് പ്രകോപിതയായ ഇവര്‍ കത്രിക ഉപയോഗിച്ച് വിദ്യാര്‍ഥികളുടെ മുടി മുറിയ്ക്കുകയായിരുന്നു.
കുട്ടികള്‍ വീട്ടിലറിയിച്ചതിനെ തുടര്‍ന്ന് അധ്യാപികയ്‌ക്കെതിരെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. കുട്ടികള്‍ കുറ്റം ചെയ്താല്‍ ശിക്ഷിക്കുന്നതിന് തങ്ങള്‍ എതിരല്ലെന്നും പക്ഷേ മുടി മുറിച്ച നടപടി അതിര് കടന്നെന്നുമാണ് രക്ഷിതാക്കള്‍ അറിയിക്കുന്നത്.