പഞ്ചാബ്: നായയുടെ ആക്രമണത്തില്‍ പതിമൂന്നുകാരന് ഗുരുതര പരിക്ക്. പിതാവിനൊപ്പം ഇരുചക്ര വാഹനത്തില്‍ പോകുകയായിരുന്ന കുട്ടിയെ പിറ്റ് ബുള്‍ വര്‍ഗത്തില്‍പ്പെട്ട നായ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ കുട്ടിയുടെ ഒരു ചെവി പൂര്‍ണമായി നഷ്ടപ്പെട്ടു.
പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. നായയുടെ ആക്രമണത്തില്‍ നിന്ന് പിതാവ് ഏറെ പാടുപെട്ടാണ് മകനെ രക്ഷിച്ചത്. അല്‍പം കൂടി വൈകിയിരുന്നെങ്കില്‍ കുട്ടിയുടെ ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഗുരുദാസ്പൂരിലെ കോട്‌ലി ബന്‍ സിംഗ് ഗ്രാമത്തിലായിരുന്നു സംഭവം.
ഇരുചക്ര വാഹനത്തില്‍ പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടയിലാണ് കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. റോഡരികില്‍ യജമാനനൊപ്പമായിരുന്നു പിറ്റ് ബുള്‍. ബൈക്കിന്റെ പുറകിലുള്ള കുട്ടിയെ കണ്ടതോടെ പട്ടി കുരയ്ക്കാന്‍ തുടങ്ങി. ഇതിനിടയില്‍ ഉടമയുടെ കയ്യില്‍ നിന്ന് പട്ടിയുടെ ചങ്ങലയും വിട്ടു. ഇതോടെ പട്ടി അക്രമാസക്തനായി കുട്ടിയുടെ നേരെ പാഞ്ഞടുക്കുകയായിരുന്നു.
ആക്രമണത്തിനിരയായ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Discussion about this post