നോയിഡ : കാലാവധി കഴിഞ്ഞിട്ടും വാടകക്കാരി വീടൊഴിയാഞ്ഞതിനെ തുടര്‍ന്ന് കോണിപ്പടിയില്‍ ദിവസങ്ങള്‍ തള്ളിനീക്കേണ്ടി വന്ന ദമ്പതികള്‍ക്ക് ഒടുവില്‍ നീതി. വാടകക്കാരി താമസം മതിയാക്കിയതോടെ ഇരുവരും വീടിനുള്ളില്‍ പ്രവേശിച്ചു. ഒരാഴ്ച നീണ്ട തര്‍ക്കങ്ങള്‍ക്ക് ഇതോടെ പര്യവസാനമായി.
ഗ്രേറ്റര്‍ നോയിഡ സെക്റ്റര്‍ 16ബിയില്‍ ശ്രീ രാധ സ്‌കൈ ഗാര്‍ഡന്‍ എന്ന ഫ്‌ളാറ്റിന്റെ ഉടമകളായ സുനില്‍ കുമാറിനും രാഖി ഗുപ്തയ്ക്കുമാണ് വാടക്കകാരിയുമായുള്ള പ്രശ്‌നത്തില്‍ കോണിപ്പടിയില്‍ ഇരിപ്പുറപ്പിക്കേണ്ടി വന്നത്. ഒരു മാസം മുമ്പ് കാലാവധി തീര്‍ന്നിട്ടും വീടൊഴിയാന്‍ വാടകക്കാരി കൂട്ടാക്കാഞ്ഞതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ജൂലൈ 2021ലാണ് യുവതിക്ക് ദമ്പതികള്‍ വീട് വാടകയ്ക്ക് കൊടുത്തത്. പതിനൊന്ന് മാസത്തേക്കായിരുന്നു കരാര്‍. ഇതുപ്രകാരം രണ്ട് മാസം മുമ്പ് വീടൊഴിയണമെന്നാവശ്യപ്പെട്ട് ഇവര്‍ യുവതിയെ ബന്ധപ്പെട്ടു. എന്നാല്‍ ഇവരുടെ ആവശ്യം യുവതി പരിഗണിച്ചില്ലെന്ന് മാത്രമല്ല മെസേജുകള്‍ക്കൊന്നും മറുപടിയും അയച്ചില്ല.
പിന്നീട് വളരെ വൈകി യുവതി ഒഴിയാമെന്നറിയിച്ചത് പ്രകാരം ദമ്പതികള്‍ വീട്ടുസാധനങ്ങളുമായി ഫ്‌ളാറ്റിലെത്തി. എന്നാലിവരെത്തിയതോടെ യുവതിയുടെ മട്ട് മാറി. എന്ത് വന്നാലും ഒഴിയില്ലെന്ന നിലപാടിലായി വാടകക്കാരി. തര്‍ക്കം മൂത്തതോടെ സാധനങ്ങളുമായി സുനിലും രാഖിയും കോണിപ്പടിയില്‍ ഇരിപ്പുറപ്പിച്ചു. ഇത് കൂടാതെ പോലീസിലും പരാതി നല്‍കി. തുടര്‍ന്നാണ് വീടൊഴിയാന്‍ വാടകക്കാരി സമ്മതിച്ചത്. വീടൊഴിഞ്ഞെങ്കിലും ഇപ്പോഴും ഇവരുടെ സാധനങ്ങള്‍ വീട്ടിനുള്ളിലുണ്ട്. ഇത് മാറ്റാന്‍ സമയം വേണമെന്നാണ് യുവതിയുടെ ആവശ്യം.
ഭാരത് പെട്രോളിയത്തില്‍ ജീവനക്കാരനായിരുന്ന സുനില്‍ കുമാര്‍ റിട്ടയര്‍മെന്റിന് ശേഷമാണ് മുംബൈയില്‍ നിന്ന് നോയിഡയിലേക്ക് താമസം മാറ്റുന്നത്. യുവതി വീടൊഴിയുന്നതും കാത്ത് ബന്ധുക്കളുടെ വീട്ടിലും ദമ്പതികള്‍ കുറച്ച് ദിവസം താമസിച്ചിരുന്നു.