ആറ് വിരലകളുമായി ജനിച്ച പെണ്‍കുഞ്ഞിന്റെ വിരല്‍ മുറിച്ച് മാറ്റി ചാണകം തേച്ചു! അമ്മയുടെ ക്രൂരതയില്‍ നവജാത ശിശുവിന് രക്തം വാര്‍ന്ന് ദാരുണാന്ത്യം

കുഞ്ഞു മരിച്ചതോടെ മൃതദേഹം കുഴിച്ചുമൂടുകയും ചെയ്തു.

ഖണ്ട്വ: കൈകാലുകളില്‍ ആറ് വിരലുമായി ജനിച്ച കുഞ്ഞിന്റെ വിരല്‍ അമ്മ മുറിച്ച് മാറ്റി ചാണകം തേച്ചു. രക്തം വാര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ പെണ്‍കുഞ്ഞ് മരണത്തിന് കീഴടങ്ങി. കുട്ടി വിവാഹിതയാകുന്നതിന് അധികവിരലുകള്‍ തടസ്സമാകുമെന്ന് ഭയന്നാണ് അമ്മ വിരലുകള്‍ മുറിച്ചതെന്ന് പോലീസ് പറയുന്നു.

അന്ധവിശ്വാസത്തിന്മേലാണ് ഇത്തരം നീച പ്രവര്‍ത്തി ചെയ്തതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പക്ഷേ സ്ത്രീയെ അറസ്റ്റുചെയ്തിട്ടില്ല. സുന്ദര്‍ദേവ് ഗ്രാമത്തില്‍ താരാഭായ് എന്ന സ്ത്രീക്ക് ഡിസംബര്‍ 22-നാണ് ഇരുകൈകളിലും കാലുകളിലും ആറു വിരലുകളുമായി കുഞ്ഞ് ജനിച്ചത്. തുടര്‍ന്ന് താരാഭായ് കുഞ്ഞിന്റെ നാലുവിരലുകള്‍ മുറിച്ചുമാറ്റി മുറിവുകളില്‍ ചാണകം തേക്കുകയായിരുന്നു.

കുഞ്ഞു മരിച്ചതോടെ മൃതദേഹം കുഴിച്ചുമൂടുകയും ചെയ്തു. മാധ്യമങ്ങളില്‍ വാര്‍ത്തവന്നതിനു പിന്നാലെ പരിശോധനയ്ക്കായി മൃതദേഹം പുറത്തെടുത്തിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പോസ്റ്റുമോര്‍ട്ടം നടത്തിയെന്നും ഫലം വന്നശേഷം അടുത്ത നടപടിയിലേക്കു കടക്കുമെന്നും പോലീസ് അറിയിച്ചു.

Exit mobile version