30 കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ഒറ്റ സിറിഞ്ച്: നഴ്‌സ് അറസ്റ്റില്‍, സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു

ഭോപ്പാല്‍: ഒറ്റ സിറിഞ്ച് ഉപയോഗിച്ച് 30 സ്‌കൂള്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയ സംഭവത്തില്‍ നഴ്‌സിനെ അറസ്റ്റ് ചെയ്ത് മധ്യപ്രദേശ് പോലീസ് ചെയ്തു. നഴ്‌സ് ജിതേന്ദ്ര റായിയെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു.

ഭോപ്പാലെ ജെയിന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന വാക്‌സിനേഷനിടയിലാണ് ഗുരുതരപിഴവ് സംഭവിച്ചിരിക്കുന്നത്. ഒറ്റ സിറിഞ്ച് ഉപയോഗിച്ച് നഴ്‌സ് 30 കുട്ടികള്‍ക്ക് വാക്‌സിന്‍ എടുത്തത്.

കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് നഴ്‌സിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം നടന്നത്. വാക്സിനെടുക്കാനെത്തിയ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് ഒറ്റ സിറിഞ്ചില്‍ നിന്ന് കുട്ടികള്‍ക്ക് വാക്‌സിനെടുക്കുന്നത് കണ്ടതോടെയാണ് സംഭവം വിവാദമായത്.

‘ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന എന്റെ മകന്‍ ബുധനാഴ്ചയാണ് വാക്സിനെടുത്തത്. ഒരേ സിറിഞ്ച് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇക്കാര്യം ഉദ്യോഗസ്ഥരോട് തിരക്കി. 40 കുട്ടികള്‍ക്ക് ഒരു സിറിഞ്ച് എന്ന തോതിലാണ് ഉപയോഗിക്കുന്നത് എന്നാണ് ഞെട്ടിപ്പിക്കുന്ന മറുപടി. ഇക്കാര്യം ഉടന്‍ തന്നെ സ്‌ക്കൂള്‍ മാനേജ്മെന്റിനെ അറിയിച്ചു.’ രക്ഷിതാവ് വിശദീകരിച്ചു. ഇതിന്റെ പാര്‍ശ്വഫലം എന്നോണം വിദ്യാര്‍ത്ഥികളില്‍ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായാല്‍ ആര് സമാധാനം പറയുമെന്നും രക്ഷിതാക്കള്‍ ചോദിക്കുന്നു.

ജിതേന്ദ്ര ഒരു സ്വകാര്യ നഴ്സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയാണെന്നും ആരോഗ്യവകുപ്പ് വാക്സിനേഷന്‍ പ്രോഗ്രാം നടപ്പിലാക്കുന്നതിനായി പരിശീലനം നേടിയിട്ടുണ്ടെന്നും അദ്ദേഹത്തെക്കുറിച്ച് സാഗര്‍ ജില്ലാ ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഡി കെ ഗോസ്വാമി പറഞ്ഞു. അതേസമയം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ കൂടി അറിവോടെയാണ് താന്‍ ഒരു സിറിഞ്ച് 30 വിദ്യാര്‍ത്ഥികളില്‍ ഉപയോഗിച്ചതെന്നാണ് ജിതേന്ദ്രയുടെ പ്രതികരണം.

‘വാക്സിന്‍ വിതരണത്തിനെത്തുന്നതിന് മുമ്പ് ഇക്കാര്യം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഒരു സിറിഞ്ച് ഉപയോഗിച്ചാല്‍ മതിയെന്നാണ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയത്. ചെയ്തത് തെറ്റാണെന്ന് എനിക്കറിയാം. എനിക്ക് നിര്‍ദേശം ലഭിച്ചത് പ്രകാരമാണ് ചെയ്തത്.’ മാധ്യമങ്ങളോട് ജിതേന്ദ്ര പറഞ്ഞു.

അതേസമയം ചീഫ് മെഡിക്കല്‍ ഓഫീസര്‍ സ്‌കൂളില്‍ എത്തുന്നതിന് മുമ്പ് ജിതേന്ദ്ര സ്ഥലം വിട്ടിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

Exit mobile version