ന്യൂഡൽഹി: പാർലമെന്റിലെത്തിയ കുഞ്ഞതിഥിയെ ചോക്ലേറ്റുകൾ നൽകി പുഞ്ചിരിയോടെ സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മോഡിയെ കാണാനെത്തിയ എട്ട് വയസ്സുകാരി ആഹാനയുടെ സംസാരം പാർലമെന്റ് അംഗങ്ങളിലും കൗതുകം ഉണർത്തി. സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്നുള്ള ബിജെപി എംപി അനിൽ ഫിറോസിയ ആണ് തന്റെ ഭാര്യയേയും മകൾ ആഹാനയേയും കൂട്ടി പാർലമെന്റിലെത്തിയത്. പ്രധാനമന്ത്രിയെ കാണാനും പാർലമെന്റ് സന്ദർശിക്കാനുമായിരുന്നു ഇവർ എത്തിയത്. ഈ കുട്ടിയോടായിരുന്നു മോഡിയുടെ കുശലം പറച്ചിൽ.
ഞാനെന്ത് ചെയ്യുന്നുവെന്ന് അറിയുമോ എന്നായിരുന്നു ആഹാനയോട് പ്രധാനമന്ത്രിയുടെ ചോദ്യം ‘അറിയാം, ടിവിയിൽ കാണാറുണ്ട്’ എന്നായിരുന്നു കുഞ്ഞ് ആഹാനയുടെ മറുപടി. നിങ്ങൾ ലോക്സഭ ടിവിക്ക് വേണ്ടി ജോലി ചെയ്യുകയല്ലേ എന്നും ആഹാന മറുപടിയായി പറയുന്നുണ്ട്. ഇത് കേട്ട് പ്രധാനമന്ത്രി ഉൾപ്പെടെ പൊട്ടിച്ചിരിച്ചുപോയി. തന്നെ കാണാനെത്തിയ അതിഥിക്ക് ചോക്ലേറ്റുകളും നൽകിയാണ് പ്രധാനമന്ത്രി തിരിച്ചയച്ചത്.