ചെന്നൈ: കബഡി മൽസരത്തിനിടെ ഹൃദയാഘാതത്തെ തുടർന്നു കളിക്കളത്തിൽ മരിച്ചുവീണ താരത്തിന് കണ്ണീരോടെ യാത്രമൊഴി ചൊല്ലി സഹകളിക്കാർ. തമിഴ്‌നാട്ടിലെ കടലൂർ പുറങ്കണി സ്വദേശിയായ വിമൽരാജ് ആണ് കഴിഞ്ഞ ദിവസം കളിക്കിടെ മരിച്ചത്. 22 വയസായിരുന്നു.
കൂട്ടത്തിലൊരുത്തൻ ഇടറിവീണിട്ടും പതറാതെ പൊരുതിനേടിയ വിജയം നൽകിയ ട്രോഫി വിമൽരാജിന്റെ മൃതദേഹത്തിനൊപ്പം ചേർത്തുവെച്ചാണ് സഹകളിക്കാർ കണ്ണീരോടെ അന്ത്യാഞ്ജലി നേർന്നത്. മികച്ച കബഡി താരമായിരുന്നു വിമൽരാജ്. ഗ്രാമത്തിലെ മുരട്ടുകാളൈ എന്ന ക്ലബിനെ വിജയത്തിലേക്കു നയിച്ചിരുന്ന കുന്തമുന കൂടിയായിരുന്നു വിമൽരാജ്.
കഴിഞ്ഞ ദിവസം പൻറുട്ടിയിൽ നടന്ന ജില്ലാതല മൽസരത്തിനിടെ എതിർടീമിന്റെ കളത്തിൽ പോയി മടങ്ങുന്നതിനിടെ വിമൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വേദന കടിച്ചമർത്തിയാണ് സഹതാരങ്ങൾ കളി പൂർത്തിയാക്കിയത്. മത്സരത്തിൽ വിജയവും നേടി.
പ്രിയപ്പെട്ടവനു യാത്രയപ്പു നൽകാൻ ട്രോഫിയുമായാണ് ടീമംഗങ്ങൾ മോർച്ചറിയിലെത്തിയത്. ടീമിന്റെ വിജയം ആഘോഷിക്കുന്നതു പോലെയുള്ള ബൈക്ക് റാലി നടത്തിയാണു വിമലിനെ അവസാനമായി വീട്ടിലേയ്ക്ക് എത്തിച്ചതും. വിമലിന്റെ മൃതദേഹത്തോടൊപ്പം ട്രോഫി വയ്ക്കുന്നതു കണ്ടപ്പോൾ പലരും അടക്കിപ്പിടിച്ച സങ്കടം അണപൊട്ടിയോഴുകി.