ഭോപ്പാല്‍ : മധ്യപ്രദേശിലെ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്ത സംഭവത്തില്‍ എംബിബിഎസ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. ക്രൂരതകള്‍ അസഹനീയമായതോടെ വിദ്യാര്‍ഥികള്‍ യുജിസിയെയും ആന്റി റാഗിങ് സെല്ലിനെയും വിവരമറിയിക്കുകയായിരുന്നു. സീനിയര്‍ വിദ്യാര്‍ഥികളുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
ഇന്‍ഡോറിലെ എംജിഎം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് റാഗിങ് നടന്നത്. ജൂനിയര്‍ വിദ്യാര്‍ഥികളെ ഫ്‌ളാറ്റില്‍ വിളിച്ചു വരുത്തിയായിരുന്നു റാഗിങ്. കൂടെപ്പഠിക്കുന്നവരുമായും തലയിണയുമായും സെക്‌സ് ചെയ്യുന്നത് പോലെ അഭിനയിക്കുക, സഹപാഠികളായ പെണ്‍കുട്ടികളെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുക, അശ്ലീല പ്രവൃത്തികള്‍ ചെയ്ത് കാണിക്കുക തുടങ്ങിയ ക്രൂരതകളാണ് വിദ്യാര്‍ഥികള്‍ നേരിടേണ്ടി വന്നത്.
റാഗിങ് ചൂണ്ടിക്കാട്ടി യുജിസിയ്ക്കയച്ച പരാതിക്കത്തില്‍ തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ സീനിയേഴ്‌സ് പിടിച്ചു വച്ചതായും ഒച്ച കേള്‍ക്കുന്ന രീതിയില്‍ പരസ്പരം മുഖത്തടിയ്ക്കാന്‍ ആവശ്യപ്പെട്ടതായും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നുണ്ട്. കോളേജിലെ ചില അധ്യാപകര്‍ സംഭവം കണ്ടില്ലെന്ന് നടിച്ചതായും വിദ്യാര്‍ഥികള്‍ പറയുന്നു.
Also read : എഞ്ചിന്‍ പ്രവര്‍ത്തിക്കുന്നത് അറിഞ്ഞില്ല : ഹെലികോപ്റ്ററിന്റെ ബ്ലേഡുകള്‍ തട്ടി യുവാവിന് ദാരുണാന്ത്യം
റാഗിങ്ങുമായി ബന്ധപ്പെട്ട ഓഡിയോ, വീഡിയോ റെക്കോര്‍ഡിംഗുകളും, വാട്‌സ് ആപ്പ് ചാറ്റുകളുമടക്കമാണ് വിദ്യാര്‍ഥികള്‍ യുജിസിക്ക് പരാതി സമര്‍പ്പിച്ചത്. ഇതിന് പിന്നാലെ കുറ്റക്കാര്‍ക്കെതിരെ കേസെടുക്കാന്‍ കോളേജിലെ ആന്റി റാഗിംഗ് കമ്മിറ്റി പോലീസിനോട് നിര്‍ദേശിക്കുകയായിരുന്നു. ജൂനിയര്‍ വിദ്യാര്‍ഥികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതികളെ കസ്റ്റഡിയിലെടുക്കുമെന്ന് ലോക്കല്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് തെഹ്‌സീബ് ഖാസി അറിയിച്ചു.