ന്യൂഡല്‍ഹി: 8,000-ത്തിലധികം സന്ദേശങ്ങള്‍ ഒന്നിച്ചെത്തി, തെലങ്കാന മന്ത്രി കെ താരക രാമറാവു (കെടിആര്‍)വിന്റെ വാട്ട്സ്ആപ്പ് ബ്ലോക്കായി. 24 മണിക്കൂര്‍ വാട്ട്സ്ആപ്പ് ബ്ലോക്ക് ചെയ്യപ്പെട്ടെന്ന് മന്ത്രി തന്നെയാണ് അറിയിച്ചത്. ഫോണിലേക്ക് വന്ന സന്ദേശങ്ങള്‍ക്ക് മറുപടി അയയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ലെന്ന് സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് മന്ത്രി ട്വീറ്റ് ചെയ്തു.
‘സ്പാം മൂലം ഈ അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിയില്ല. 8,000ത്തിലധികം സന്ദേശങ്ങളാണ് ഫോണിലുള്ളത്’ എന്നായിരുന്നു ബ്ലോക്ക് ചെയ്യപ്പെട്ട് വന്ന സന്ദേശം. അടുത്തിടെ അപകടമുണ്ടായതിനാല്‍ കെടിആര്‍ നിലവില്‍ വിശ്രമത്തിലാണ്. ഇടതുകാല്‍ അനക്കാന്‍ കഴിയാതെ സോഫയില്‍ ഇരുന്ന് ഫയലുകള്‍ പരിശോധിക്കുന്ന ഫോട്ടോയും അദ്ദേഹം സ്‌ക്രീന്‍ഷോട്ടിനൊപ്പം ട്വീറ്റ് ചെയ്തിരുന്നു.
സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ വ്യക്തിയാണ് മന്ത്രി കെടിആര്‍. അതുകൊണ്ട് തന്നെ മന്ത്രിയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ച് ധാരാളം ആളുകള്‍ സന്ദേശങ്ങള്‍ അയച്ചിരുന്നു. ഇതിനുപുറമെ ജൂലായ് 24 ന് ജന്മദിനാശംസകളും വന്നതോടെ വാട്‌സ്ആപ്പില്‍ 8000ത്തിലധികം സന്ദേശങ്ങളാണ് എത്തിയത്.
തന്റെ രാഷ്ട്രീയ എതിരാളിയായ വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയും യുവജന ശ്രമിക റൈതു തെലങ്കാന പാര്‍ട്ടിയുടെ സ്ഥാപകനുമായ വൈഎസ് ശര്‍മിളയെക്കുറിച്ചും അദ്ദേഹം തന്റെ ട്വീറ്റില്‍ പറയുന്നു.
‘കുട്ടികളെ രാഷ്ട്രീയ പോരാട്ടങ്ങളില്‍ നിന്ന് ഒഴിവാക്കണം. തെലങ്കാന രാഷ്ട്ര സമിതി നേതാക്കളും സാമൂഹിക മാധ്യമങ്ങളില്‍ സജീവരായവരും ഇത് ശ്രദ്ധിക്കണം. പാര്‍ട്ടിയുടെ രാഷ്ട്രീയ എതിരാളികള്‍ നമ്മുടെ പാര്‍ട്ടി നേതാക്കളുടെ മക്കളെ വിവാദങ്ങളില്‍ പെടുത്തുകയാണ്.
ഇത് വൈഎസ് ശര്‍മിളയെപ്പോലെയുള്ള നേതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്. കുട്ടികളെ പ്രത്യയശാസ്ത്രപരവും നയപരവുമായ കാര്യങ്ങളിലാണ് ഉള്‍പ്പെടുത്തേണ്ടതെന്നും കെടിആര്‍ ട്വീറ്റ് ചെയ്തു.