ലോക്‌സഭയെ അതിജീവിച്ച മുത്തലാഖ് ബില്‍ തിങ്കളാഴ്ച രാജ്യസഭയില്‍; ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് എളുപ്പമാകില്ല കാര്യങ്ങള്‍

ലോക്‌സഭയില്‍ നിന്നും രക്ഷപ്പെട്ട് എത്തിയ മുത്തലാഖ് ബില്‍ തിങ്കളാഴ്ച രാജ്യസഭയില്‍.

ന്യൂഡല്‍ഹി: പ്രതിപക്ഷം ഏറെ കോലാഹലമുണ്ടാക്കിയെങ്കിലും ലോക്‌സഭയില്‍ നിന്നും രക്ഷപ്പെട്ട് എത്തിയ മുത്തലാഖ് ബില്‍ തിങ്കളാഴ്ച രാജ്യസഭയില്‍. ബില്‍ പരിഗണിക്കുന്നതിന് മുമ്പു തന്നെ സെലക്ട് കമ്മിറ്റിക്ക് വിടണം എന്ന് ആവശ്യപ്പെട്ട് ഇടത് എംപിമാര്‍ രാജ്യസഭ അധ്യക്ഷന് കത്ത് നല്‍കി. സഭയില്‍ സ്വീകരിക്കേണ്ട നയങ്ങള്‍ രൂപീകരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തിങ്കളാഴ്ച യോഗം ചേരും. സര്‍ക്കാരിന് ഭൂരിപക്ഷമുള്ള ലോക്‌സഭയില്‍ അനായാസം പാസാക്കിയെടുത്ത മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസാക്കുക എളുപ്പമാകില്ല.

എഴുപത്തിമൂന്ന് അംഗങ്ങളുള്ള ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആണെങ്കിലും സഭയില്‍ ഭൂരിപക്ഷമില്ല. സഖ്യകക്ഷികളായ ശിവസേനയുടെയും അകാലിദളിന്റെയും മൂന്നുവീതം അംഗങ്ങളുടെ പിന്തുണ ഉറപ്പാണെങ്കിലും ബില്‍ പാസാകണമെങ്കില്‍ നാല്‍പത് അംഗങ്ങളുടെ കൂടി പിന്തുണ ഉറപ്പിക്കണം. ഇതിനായി കേന്ദ്രസര്‍ക്കാര്‍ പ്രാദേശിക പാര്‍ട്ടികളുമായി അനൗപചാരിക ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. ബില്ലിനെതിരെ 116അംഗങ്ങളുടെ പിന്തുണ ഉണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ അവകാശവാദം.

ഇതിനുപുറമേ ലോക്‌സഭയില്‍ ബില്ലിനെ എതിര്‍ത്ത ബിജെഡി, അണ്ണാ ഡിഎംകെ എന്നീ പാര്‍ട്ടികള്‍ നിലപാട് മാറ്റില്ലെന്നാണ് സൂചന. തൃണമൂല്‍ കോണ്‍ഗ്രസും ബില്ലിനെ ശക്തമായി എതിര്‍ക്കും. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ തിങ്കളാഴ്ച യോഗം ചേര്‍ന്ന് ബില്ലിന് സര്‍ക്കാരിനെ സഭയില്‍ ഒറ്റപ്പെടുത്താനുള്ള തന്ത്രങ്ങള്‍ക്ക് രൂപം നല്‍കും.

Exit mobile version