100 കോടിക്ക് രാജ്യസഭാ സീറ്റും ഗവര്‍ണര്‍ പദവിയും : വന്‍ റാക്കറ്റിനെ കുടുക്കി സിബിഐ

CBI | Bignewslive

ന്യൂഡല്‍ഹി : കോടികളുടെ ഇടപാടില്‍ രാജ്യസഭാ സീറ്റും ഗവര്‍ണര്‍ പദവിയും വാഗ്ദാനം ചെയ്ത് ആളുകളെ പറ്റിക്കുന്ന വന്‍ റാക്കറ്റിനെ കുടുക്കി സിബിഐ. വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിലെ നാല് പേരെ സിബിഐ കസ്റ്റഡിയിലെടുത്തു. ബാക്കിയുള്ളവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി.

മഹാരാഷ്ട്രയിലെ ലാത്തൂര്‍ സ്വദേശിയായ കമലാകര്‍ പ്രേംകുമാര്‍ ബാന്ദ്ഗര്‍, കര്‍ണാടകയിലെ ബെല്‍ഗാം സ്വദേശി രവീന്ദ്ര വിതാല്‍, ഡല്‍ഹി സ്വദേശികളായ മഹേന്ദ്ര പാല്‍ അറോറ, അഭിഷേക് ബോറ, മുഹമ്മദ് അയ്ജാസ് ഖാന്‍ എന്നിവരാണ് അറസ്റ്റിലായത്. ഉന്നതതലത്തിലുള്ള ആളുകളുമായി ബന്ധമുണ്ടെന്ന് ഭാവിച്ച് ഗവര്‍ണര്‍ പദവിയും രാജ്യസഭാ സീറ്റും വാഗ്ദാനം ചെയ്ത് കോടികള്‍ കൈപ്പറ്റുകയായിരുന്നു സംഘത്തിന്റെ രീതി.

മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ബാന്ദ്ഗര്‍ ആണ് ആളുകളെ കൈകാര്യം ചെയ്യുക. ആളുകളെ എത്തിച്ച് നല്‍കുന്ന ചുമതലയാണ് മറ്റുള്ളവര്‍ക്ക്. 100 കോടി രൂപയായിരുന്നു രാജ്യസഭാ സീറ്റീനും ഗവര്‍ണര്‍ പദവിക്കും സംഘത്തിന്റെ പ്രതിഫലം. സിബിഐ ലേബല്‍ ഉപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന പരിപാടിയും ബാന്ദ്ഗറിനുണ്ടായിരുന്നതായി അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.

Also read : കത്രീന കൈഫിനും വിക്കി കൗശലിനും വധഭീഷണി : അന്വേഷണമാരംഭിച്ചു

പ്രതികളുടെ ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പരിശോധിക്കുന്നതിനിടെ ഓടി രക്ഷപെട്ട ഒരാള്‍ക്കായാണ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ എഫ്‌ഐആറും ചുമത്തിയിട്ടുണ്ട്. ഫോണ്‍കോളുകള്‍ നിരീക്ഷിച്ചാണ് സിബിഐ സംഘം പ്രതികളെ വലയിലാക്കിയത്.

Exit mobile version