ന്യൂഡല്‍ഹി: കഴുത്ത് തൊണ്ണൂറു ഡിഗ്രിയോളം ഒരുവശത്തേക്ക് ചരിഞ്ഞ പാകിസ്താന് പെണ്‍കുട്ടിയ്ക്ക് സൗജന്യമായി പുതുജീവിതം സമ്മാനിച്ച് ഇന്ത്യന്‍ ഡോക്ടര്‍. പതിമൂന്നുകാരിയായ അഫ്ഷീന് ഗുലാണ് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നത്.
ജനിച്ച് പത്താംമാസത്തിലുണ്ടായ ഒരു അപകടമാണ് അഫ്ഷീന് ദുരിതം സമ്മാനിച്ചത്
പത്തുമാസം പ്രായമുള്ളപ്പോള്‍ സഹോദരിയുടെ കൈയില്‍ നിന്ന് അബദ്ധത്തില്‍ താഴേക്ക് വീണതായിരുന്നു അഫ്ഷീന്. പിന്നീടിങ്ങോട്ട് കഴുത്ത് തൊണ്ണൂറ് ഡിഗ്രിയോളം ഒരുവശത്തേക്ക് ചരിഞ്ഞ അവസ്ഥയിലായി.
വൈകാതെ തന്നെ ഡോക്ടറെ കണ്ട് മരുന്നു നല്‍കിയെങ്കിലും അഫ്ഷീന്റെ നിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നു. സമപ്രായക്കാര്‍ക്കൊപ്പം കളിക്കാനോ സ്കൂളില്‍ പോകാനോ അഫ്ഷീന് കഴിഞ്ഞില്ല. പിന്നാലെ സെറിബ്രല്‍ പാള്‍സി എന്ന അവസ്ഥയും അഫ്ഷീനെ ബാധിക്കുകയുണ്ടായി.
കഴിഞ്ഞ മാര്‍ച്ചിലാണ് ഡല്‍ഹി അപ്പോളോ ആശുപത്രിയിലെ ഡോക്ടറായ രാജഗോപാലന്‍ കൃഷ്ണനാണ് അഫ്ഷീന് വേണ്ട ചികിത്സ ഒരു രൂപ പോലും ചിലവില്ലാതെ നല്കാന് തയ്യാറാണെന്ന് അറിയിച്ചത്.
ബ്രിട്ടനില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയായ അലക്സാണ്ഡ്രിയ തോമസിന്റെ ലേഖനത്തിലൂടെയാണ് ഡോ.രാജഗോപാലന്‍ കൃഷ്ണന് അഫ്ഷീനെക്കുറിച്ച് അറിയുന്നത്.
തുടര്‍ന്ന് കുടുംബത്തോടൊപ്പം ഇന്ത്യയിലെത്തിയ അഫ്ഷീന് ചികിത്സ ആരംഭിക്കുകയായിരുന്നു. രാജഗോപാലന്‍ കൃഷ്ണന് ഡോക്ടറാണ് തന്റെ സഹോദരിയുടെ ജീവിതം രക്ഷിച്ചതെന്ന് അഫ്ഷീന്റെ സഹോദരന് യാഖൂബ് കുംബാര്‍ പറഞ്ഞു. നാല് മേജര്‍ ശസ്ത്രക്രിയകളാണ് അഫ്ഷീന് ചെയ്തത്.
ഫെബ്രുവരിയിലാണ് പ്രധാന സര്‍ജറി നടത്തിയത്. ആറുമണിക്കൂറോളം എടുത്താണ് അത് പൂര്‍ത്തിയാക്കിയത്. മതിയായ ചികിത്സ കിട്ടിയില്ലെങ്കില്‍ ദീര്‍ഘകാലം അതിജീവിക്കാന്‍ അഫ്ഷീന് കഴിയുമായിരുന്നില്ല എന്നും ഡോക്ടര്‍ വ്യക്തമാക്കി.
ജീവിതകാലം മുഴുവന്‍ പരിചരണം ആവശ്യമായ അവസ്ഥയാണ് സെറിബ്രല്‍ പാള്‍സി അഥവാ മസ്തിഷ്ക തളര്‍വാതം. വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ തലച്ചോറിന് ഏല്ക്കുന്ന ക്ഷതങ്ങളോ, പ്രയാസങ്ങളോ കാരണം ചലനം, നില്‍പ്പ്, സംതുലനം, ആശയവിനിമയം, പഠിക്കാനുള്ള കഴിവ്, ഭക്ഷണം, ഉറക്കം എന്നിവയെ വിവിധ രൂപത്തില്‍ ബാധിക്കുന്ന പ്രയാസങ്ങളെയാണ് സെറിബ്രല്‍ പാള്‍സി എന്നുപറയുന്നത്.
Discussion about this post