ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. രാഷ്ട്രപതിയാകുന്ന ഗോത്രവിഭാഗത്തില്‍ നിന്നുളള ആദ്യ വ്യക്തി, ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത എന്നീ പ്രത്യേകതകളോടെയാണ് ദ്രൗപദി മുര്‍മു രാഷ്ട്രപതിയാവുന്നത്.
സത്യപ്രതിജ്ഞയ്ക്കായി ദ്രൗപദി മുര്‍മു തന്റെ താല്‍ക്കാലിക വസതിയായ ഉമാ ശങ്കര്‍ ദീക്ഷിത് ലെയ്നില്‍ നിന്ന് രാവിലെ 8.15 ന് രാജ്ഘട്ടിലേക്ക് പോകും. ദ്രൗപദി മുര്‍മുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ എം വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സെന്‍ട്രല്‍ ഹാളിലേക്ക് ആനയിക്കും.
പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ ഒന്‍പതേ മുക്കാല്‍ മുതലാണ് സ്ഥാനാരോഹണച്ചടങ്ങുകള്‍ ആരംഭിക്കുക. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി റാം നാഥ് കോവിന്ദ് ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപതി ഭവനില്‍നിന്ന് പാര്‍ലമെന്റിലേക്ക് ആനയിക്കും.
പത്തുമണിക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ ദ്രൗപദി മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുക്കും. 21 ഗണ്‍ സല്യൂട്ടും ഒപ്പം. രാഷ്ട്രപതി രാജ്യത്തെ സെന്‍ട്രല്‍ ഹാളില്‍വച്ച് അഭിസംബോധന ചെയ്യും. സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച ആദ്യ രാഷ്ട്രപതി, ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതി. ഇങ്ങനെ ഒരുപിടി റെക്കോര്‍ഡുകളാണ് മുര്‍മുവിനെ കാത്തിരിക്കുന്നത്.
അറുപത്തിനാലുശതമാനം വോട്ടുനേടിയാണ് ദ്രൗപദി മുര്‍മു രാഷ്ട്രപതിസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മകള്‍ ഇതിശ്രീ, മകളുടെ ഭര്‍ത്താവ് ഗണേഷ് ഹേംബ്രാം, കുടുംബാംഗങ്ങള്‍ തുടങ്ങിയവരും സത്യപ്രതിജ്ഞാച്ചടങ്ങിന് സാക്ഷ്യംവഹിക്കും.
Discussion about this post