‘മാലിന്യം വലിച്ചെറിയുന്നു’ : പഞ്ചാബ് മുഖ്യമന്ത്രിയുടെ വസതിക്ക് 10000 രൂപ പിഴയിട്ട് കോര്‍പ്പറേഷന്‍

Bhagwant Mann | Bignewslive

ചണ്ഡീഗഢ് : മാലിന്യം വലിച്ചെറിയുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ ഔദ്യോഗിക വസതിക്ക് പിഴയിട്ട് ചണ്ഡീഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. സെക്യൂരിറ്റി വിഭാഗത്തിലുള്ള സിആര്‍പിഎഫ് ബെറ്റാലിയന്‍ ഡിസിപി ഹര്‍ജിന്ദര്‍ സിങ്ങിന്റെ പേരിലാണ് പിഴയിട്ടിരിക്കുന്നത്. 10000 രൂപ പിഴയായി നല്‍കണം.

ചണ്ഡീഗഢിലെ സെക്ടര്‍ 2വിലാണ് മുഖ്യന്ത്രിയുടെ ഔദ്യോഗിക വസതിയുള്ളത്. വസതിയുടെ ഭാഗമായുള്ള ഹൗസ് നമ്പര്‍ 7ല്‍ നിന്നും വഴിയിലേക്ക് നിരന്തരം മാലിന്യം വലിച്ചെറിയുന്നതായി പ്രദേശവാസികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഒരു വര്‍ഷത്തിലധികമായി ഇത്തരത്തില്‍ പരാതി ലഭിക്കുന്നുണ്ടെന്നാണ് ബിജെപി കൗണ്‍സിലര്‍ മഹേഷ് ഇന്ദര്‍ സിങ് സിദ്ദു അറിയിക്കുന്നത്. നിരവധി തവണ വിലക്കിയിട്ടും ഇത് തുടര്‍ന്നതോടെ ചല്ലാന്‍ അയയ്ക്കുകയായിരുന്നുവെന്നും ജനങ്ങള്‍ക്ക് തന്നെ മാതൃകയാകേണ്ട മുഖ്യമന്ത്രിയുടെ വസതി തന്നെ ഇത്തരത്തില്‍ പെരുമാറുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം ഹൗസ് നമ്പര്‍ 7 പാരാമിലിട്ടറി ഫോഴ്‌സിന്റെ കീഴിലുള്ളതാണെന്നും മുഖ്യമന്ത്രിയുമായി ഇതിന് ബന്ധമൊന്നുമില്ലെന്നുമാണ് വക്താക്കള്‍ അറിയിക്കുന്നത്. എന്നാലിത്, ബെഡ്‌റൂം തങ്ങളുടേതാണെന്നും ഡ്രോയിങ് റൂമിലെ സെക്യൂരിറ്റി വിഭാഗവുമായി തങ്ങള്‍ക്ക് ബന്ധമൊന്നുമില്ലെന്നും പറയുന്നത് പോലെയാണെന്ന് സിദ്ദു ചൂണ്ടിക്കാട്ടുന്നു.

Exit mobile version