കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ 20 കോടി രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെടുത്തതിന് പിന്നാലെ വാർത്തകളിൽ നിറയുകയാണ് അർപ്പിത മുഖർജി. ആരാണ് ഈ അർപ്പിത മുഖർജി എന്നാണ് സോഷ്യൽമീഡിയയ്ക്കും അറിയേണ്ടത്.
സ്‌കൂൾ സർവീസ് കമ്മീഷൻ (എസ്എസ്‌സി) അഴിമതി കേസുമായി ബന്ധപ്പെട്ടാണ് നടിയും മോഡലുമായ അർപ്പിത മുഖർജിയുടെ ഫ്ളാറ്റിൽ നിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടികൾ പിടിച്ചെടുത്തത്. വെള്ളിയാഴ്ചയായിരുന്നു റെയ്ഡ്.
തൃണമൂൽ സർക്കാരിൽ മന്ത്രിയായ ശ്രീപാർഥ ചാറ്റർജിയുടെ അടുത്ത സുഹൃത്താണ് അർപ്പിത. ഇവരുടെ ഫ്‌ളാറ്റിൽ നിന്നും കണ്ടെത്തിയ പണമെല്ലാം അധ്യാപകനിയമനത്തിലെ അഴിമതിയിലൂടെ ലഭിച്ചതാണെന്നാണ് ഇഡി കരുതുന്നത്. ഈ റെയ്ഡിന് തൊട്ടുപിന്നാലെ കേസിൽ മന്ത്രി പാർഥ ചാറ്റർജിയെയും ഇഡി അറസ്റ്റ് ചെയ്തു.
മന്ത്രിയുമായി അടുത്തബന്ധം സൂക്ഷിക്കുന്ന അർപ്പിത മുഖർജി നടിയും മോഡലുമാണെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ട്. ഏതാനും ബംഗാളി, ഒഡിയ, തമിഴ് സിനിമകളിൽ അഭിനയിച്ച അർപ്പിത ബംഗാളി സിനിമയിലെ പ്രമുഖ നടന്മാർക്കൊപ്പമെല്ലാം ചെറിയ വേഷങ്ങളിൽ അഭിനയിച്ചിരുന്നു.
ദുർഗാ പൂജയുടെ പ്രചരണവുമായി ബന്ധപ്പെട്ടാണ് അർപ്പിതയും മന്ത്രി പാർഥ ചാറ്റർജിയും തമ്മിൽ പരിചയപ്പെടുന്നത്. 2019-ലും 2020-ലും ചാറ്റർജിയുടെ ദൂർഗാപൂജ കമ്മിറ്റിയുടെ പ്രചാരണമുഖം അർപ്പിതയായിരുന്നു. കൊൽക്കത്തയിലെ ഏറ്റവും വലിയ ദുർഗാപൂജ കമ്മിറ്റിയായിരുന്നു ഇത്.
ഈ സംഭവത്തോടെയാണ് നടി മന്ത്രിയുമായി അടുക്കുന്നത്. സൗത്ത് കൊൽക്കത്തയിലെ ആഡംബര ഫ്ളാറ്റിലാണ് ഏതാനും വർഷങ്ങളായി അർപ്പിത താമസിച്ചുവരുന്നത്. ഇവിടെയാണ് റെയ്ഡ് നടത്തി ഇഡി 20 കോടിയോളം രൂപയുടെ നോട്ടുകെട്ടുകൾ പിടിച്ചെടുത്തത്. ഫ്ളാറ്റിൽ റെയ്ഡ് നടക്കുമ്പോൾ അർപ്പിത സ്ഥലത്തില്ലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
അർപ്പിതയുടെ ഫ്ളാറ്റിൽനിന്ന് ഏകദേശം 20 കോടി രൂപയുടെ നോട്ടുകെട്ടുകളാണ് ഇഡി പിടിച്ചെടുത്തത്. നോട്ടെണ്ണൽ യന്ത്രങ്ങൾ ഉപയോഗിച്ച് ബാങ്ക് അധികൃതരുടെ സഹായത്തോടെയാണ് നോട്ടുകെട്ടുകൾ ഇഡി സംഘം എണ്ണിതീർത്തത്. നോട്ട് കൂമ്പാരത്തിന്റെ പുറത്തുവന്ന ചിത്രം ഇന്ത്യയെ ആകെ തന്നെ ഞെട്ടിച്ചിരുന്നു. പണം കൂടാതെ 20 മൊബൈൽ ഫോണുകളും വിവിധ രേഖകളും ആഡംബര ഫ്ളാറ്റിൽനിന്ന് പിടികൂടിയിട്ടുണ്ട്. മന്ത്രി പാർഥ ചാറ്റർജിയെ 26 മണിക്കൂറിലേറെ ഇഡി സംഘം ചോദ്യംചെയ്തു. ഇതിനുപിന്നാലെയാണ് ശനിയാഴ്ച രാവിലെ മന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതും. കേസുമായി ബന്ധപ്പെട്ട് അർപ്പിതയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
എസ്എസ്‌സി അഴിമതിക്കേസുമായി ബന്ധപ്പെട്ട് ബംഗാളിലെ വിവിധയിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ മുതൽ ഇഡിയുടെ റെയ്ഡ് ആരംഭിച്ചിരുന്നു. നിലവിൽ ബംഗാളിലെ വ്യവസായ മന്ത്രിയായ പാർഥ ചാറ്റർജിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും അർപ്പിത മുഖർജിയുടെ ഫ്ളാറ്റിലും ഒരേസമയമാണ് റെയ്ഡ് ആരംഭിച്ചത്.
ബംഗാൾ വിദ്യാഭ്യാസ മന്ത്രി പരേഷ് സി അധികാരി, മുൻ ബംഗാൾ ബോർഡ് ഓഫ് പ്രൈമറി എഡ്യൂക്കേഷന്റെ മുൻ പ്രസിഡന്റും നിലവിൽ എംഎൽഎയുമായ മണിക് ഭട്ടാചാര്യ തുടങ്ങിയവരുടെ വീടുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു.