ബംഗളൂരു: അരുമകളായി വീട്ടില്‍ വളര്‍ത്തുന്ന പക്ഷികളും മൃഗങ്ങളും ഒക്കെ വീട്ടിലെ അംഗങ്ങള്‍ തന്നെയാകും. അവയെ കാണാതെ പോയാല്‍ വിഷമം പറഞ്ഞറിയിക്കാനും പറ്റില്ല. അങ്ങനെ ബംഗളൂരുവില്‍ നിന്നും കാണാതായ തത്തയെ കണ്ടെത്തിയ യുവാവിന് കിട്ടിയ പാരിതോഷികമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
85,000 രൂപയാണ് തത്തയെ കണ്ടെത്തിയ യുവാവിന് ലഭിച്ചത്. 50,000 രൂപയാണ് കാണാതായ തത്തയെ കണ്ടെത്തുന്ന വ്യക്തിക്ക് ഉടമ പ്രഖ്യാപിച്ചിരുന്നത്. ഈ തുകയേക്കാള്‍ 35,000 രൂപ അധികമാണ് യുവാവിന് ലഭിച്ചിരിക്കുന്നത്.
ജൂലൈ 16നാണ് ആഫ്രിക്കന്‍ തത്തയായ റുസ്തമിനെ കാണാതായത്. കര്‍ണാടകയിലെ തുമകുരുവിലെ വീട്ടില്‍ നിന്നാണ് തത്തയെ കാണാതായത്. തത്തയെ കണ്ടെത്തുന്നവര്‍ക്ക് പണം സമ്മാനമായി നല്‍കാമെന്ന് ഉടമയായ അര്‍ജുന്‍ അറിയിച്ചു. തത്തയെ കാണാനില്ലെന്ന് കാട്ടി നഗരത്തിലുടനീളം പോസ്റ്ററുകളും പതിച്ചു.
ഇതിനു പിന്നാലെയാണ് ശ്രീനിവാസ് എന്ന യുവാവ് അവശനിലയിലായിരുന്ന തത്തയെ കണ്ടെത്തിയത്. ഈ തത്തയെ കണ്ട ശ്രീനിവാസന്‍ വീട്ടിലേക്ക് എടുത്തുകൊണ്ടുപോവുകയായിരുന്നു.
പിന്നീടാണ് തത്തയുടെ ഉടമ തത്തയെ തെരയുന്ന വിവരം ശ്രീനിവാസ് അറിയുന്നത്. അങ്ങനെ അര്‍ജുനെ ബന്ധപ്പെട്ട് തത്തയെ മടക്കി നല്‍കി, ശ്രീനിവാസിന് 85,000 രൂപയാണ് നല്‍കിയത്. തത്തയെ കണ്ടെത്തിയതിന് ശേഷം നല്ലവണ്ണം അതിനെ പരിപാലിക്കുകയും ചെയ്തതിനാണ് 35,000 രൂപ കൂടി അധികം നല്‍കിയത്. രണ്ടര വര്‍ഷത്തോളമായി അര്‍ജുന്‍ വളര്‍ത്തുന്ന തത്തയാണിത്.