കൊല്‍ക്കത്ത: അനുയായിയുടെ വീട്ടില്‍ നിന്നും 20 കോടി പിടിച്ചെടുത്തതിന് പിന്നാലെ
പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( ഇ.ഡി) അറസ്റ്റ് ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമാണ് പാര്‍ഥ ചാറ്റര്‍ജി.
പശ്ചിമബംഗാള്‍ സ്റ്റാഫ് സെലക്ഷന് കമ്മിഷന് നടത്തിയ അധ്യാപക നിയമനത്തിലെ അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് 26 മണിക്കൂര്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്.
പാര്‍ഥയുടെ സഹായി അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം ഇഡി നടത്തിയ മിന്നില്‍ റെയ്ഡില്‍ 20 കോടിയുടെ നോട്ടുകെട്ടുകള്‍ പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ഥയുടെ അറസ്റ്റ്.
അര്‍പിതയുടെ വീട്ടില്‍ നിന്ന് പിടികൂടിയ പണം എണ്ണിത്തിട്ടപ്പെടുത്താന്‍ ഇഡി ബാങ്ക് ജീവനക്കാരുടെ സഹായം തേടേണ്ടിയിരുന്നു. അധ്യാപക നിയമനത്തിലെ കോഴപ്പണമാണെന്നാണ് കരുതുന്നത്. 20 മൊബൈല്‍ ഫോണും പിടിച്ചിട്ടുണ്ട്.
രാവിലെ എട്ടോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയത്. തുടര്‍ച്ചയായി ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് മന്ത്രി പാര്‍ഥ കഴിഞ്ഞ ദിവസം അവശനായി. എസ്എസ്കെഎം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ എത്തി അദ്ദേഹത്തെ പരിശോധിച്ചു. ഈ കേസില്‍ നേരത്തേ സി.ബി.ഐ.യും മന്ത്രി പാര്‍ഥയെ ചോദ്യം ചെയ്തിരുന്നു.
ഇഡിയോ സിബിഐയോ വീട്ടില്‍ വന്നാല്‍ സ്വീകരിച്ചിരുത്തുമെന്നും പൊരി കഴിക്കാന്‍ കൊടുക്കുമെന്നും വ്യാഴാഴ്ച തൃണമൂല്‍ റാലിയില്‍ മമത പ്രസംഗിച്ച് 24 മണിക്കൂര്‍ കഴിയുംമുമ്പേയാണ് റെയ്ഡുകള്‍ നടന്നത്.
Discussion about this post