ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയായി ദ്രൗപതി മുർമു അധികാരമേൽക്കാൻ ഒരുങ്ങുകയാണ്. രാഷ്ട്രപതിയായി വൻ ഭൂരിപക്ഷത്തിലാണ് ദ്രൗപദിയുടെ വിജയം. ഗോത്രവിഭാഗത്തിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യരാഷ്ട്രപതിയായ ദ്രൗപദി മുർമു ഇന്ത്യയ്ക്ക് വലിയ അഭിമാനമാണ്. അതേസമയം, രാഷ്ട്രപതിയായി കഴിഞ്ഞാൽ മുർമുവിനെ കാത്തിരിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളുമാണ് ചർച്ചകളിൽ നിറയുന്നത്. ഇനി മുതൽ ഓരോ മാസവും ലക്ഷങ്ങളാണ് മുർമുവിന് ശമ്പളമായി ലഭിക്കുക.
ഇന്ത്യൻ രാഷ്ട്രപതിക്കായി നിശ്ചയിച്ചിരിക്കുന്ന ശമ്പളം അഞ്ച് ലക്ഷം രൂപയാണ്. ശമ്പളത്തിന് പുറമെ രാഷ്ട്രപതിക്ക് വിരമിച്ചാലുള്ള പെൻഷൻ മറ്റു ആനുകൂല്യങ്ങളും സൗകര്യങ്ങളും രാജ്യം നൽകുന്നുണ്ട്. രാഷ്ട്രപതിയായിരിക്കെ ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ ഡൽഹിയിലെ രാഷ്ട്രപതി ഭവനിലെ താമസത്തിന് പുറമേ ആജീവനാന്ത ചികിത്സാ സൗകര്യങ്ങളെല്ലാം ലഭ്യമാക്കുന്നുണ്ട്.
രാജ്യത്തിന് അകത്തും പുറത്തും ഏറ്റവുമധികം സുരക്ഷ ലഭിക്കുന്ന വ്യക്തിയെന്ന നിലയിൽ രാഷ്ട്രപതിക്ക് സഞ്ചരിക്കാനായി നൽകുന്നത് മെഴ്‌സിഡസ് ബെൻസ് എസ് 600 പുൾമാൻ ഗാർഡാണ്. കോടികൾ വിലയുള്ള കാറാണ് സുരക്ഷ ഒരുക്കുന്നത്. ഇതുകൂടാതെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ലിമോസിൻ കാറും ഉപയോഗിക്കാം.
രാഷ്ട്രപതിയുടെ താമസത്തിനും അതിഥികളെ സ്വീകരിക്കാനുമായി ഓരോ വർഷവും 2.25 കോടി രൂപയോളം കേന്ദ്രസർക്കാർ ചെലവഴിക്കുന്നുണ്ട്. വിദേശ യാത്രകൾ ഉൾപ്പടെ കേന്ദ്രസർക്കാർ ചിലവിൽ നടത്താനാകും. പെൻഷനായി 1.5 ലക്ഷം രൂപയാണ് നിലവിൽ നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.