പെൺകുട്ടികൾക്ക് പഠനം നിഷേധിക്കുന്ന ഗോത്രത്തിൽ നിന്നും ബിരുദം നേടി; മന്ത്രിയും ഗവർണറുമായി ചരിത്രം തിരുത്തി ഇന്ന് രാഷ്ട്രപതിയും; സന്താൾ ഗോത്രത്തിലെ ദ്രൗപദി ഇനി ഇന്ത്യയ്ക്ക് അഭിമാനം

ന്യൂഡൽഹി: ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായി ദ്രൗപദി മുർമു ചുമതല ഏൽക്കാൻ ഒരുങ്ങുമ്പോൾ രാജ്യത്തിനും ഇത് അഭിമാന നിമിഷം. ഗോത്ര വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ പ്രസിഡന്റ് ആയാണ് ദ്രൗപദി ചരിത്രം തിരുത്തുന്നത്. പ്രതിഭാ പാട്ടീലിന് ശേഷം പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയും ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റുമാണ് ദ്രൗപദി.

രാം നാഥ് കോവിന്ദ് രാഷ്ട്രപതി സ്ഥാനം ഒഴിയുന്ന വേളയിൽ ഇരുപതോളം പേരുകളാണ് എൻഡിഎ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിച്ചത്. ഇതിൽ നിന്നും ആദിവാസി, സ്ത്രീ എന്ന നിലയിലും ഗോത്രവർഗ വിഭാഗമായ സന്താൾ കുടുംബത്തിൽ പെട്ട ശക്തയായ വനിത എന്ന നിലയിലും ദ്രൗപതി മുർമുവിന്റെ പേര് ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി ഉയർന്നുവരികയായിരുന്നു.

ആദിവാസിവിഭാഗത്തിലെ സന്താൾ ഗോത്രത്തിലാണ് ദ്രൗപദിയുടെ ജനനം. സന്താളി ഭാഷയും മുണ്ഡ ഭാഷയും സംസാരിക്കുന്ന സന്താൾവിഭാഗം കടുത്ത ആചാരങ്ങളും നിഷ്ഠകളും പിന്തുടരുന്ന യാഥാസ്ഥിതിക ഗോത്രമാണ്. ഇവിടെ നിന്നാണ് പ്രാരബ്ധങ്ങളുടെയും പരിമിതികളുടെയും നടുവിൽ വളർന്ന ദ്രൗപദി കോളേജ് വിദ്യാഭാസ്യം നേടുകും സർക്കാർ ജോലിക്കാരിയായി മാറുകയും ചെയ്തത്. അച്ഛൻ ബിരാഞ്ചി നാരായൺ ടുഡുവും മുത്തച്ഛനും ഗ്രാമമുഖ്യൻമാരായിരുന്നു എന്നത് വിദ്യാഭ്യാസത്തിന് തണലായി. പെൺകുട്ടികളുടെ പഠനത്തെ പ്രോത്സാഹിപ്പിക്കാത്ത സമൂഹത്തിൽ നിന്നും ഏഴാംക്ലാസുവരെ മയൂർഭഞ്ജ് എച്ച്എസ് ഉപർബേഡ സ്‌കൂളിൽ ദ്രൗപദി പഠിച്ചു. തുടർന്നും പഠിക്കാൻ ആഗ്രഹിച്ചപ്പോൾ അച്ഛൻ പ്രോത്സാഹിപ്പിച്ചു. എന്നാൽ, തുടർപഠനത്തിനുള്ള സൗകര്യം ഗ്രാമത്തിലുണ്ടായിരുന്നില്ല. ഭുവനേശ്വറിൽപ്പോയി തുടർപഠനം നടത്താൻ സർക്കാർ സഹായം ലഭിച്ചതാണ് വഴിത്തിരിവായത്. ദ്രൗപതി മുർമു ഭുവനേശ്വറിലെ രമാദേവി വിമൻസ് കോളേജിൽ നിന്നാണ് ബിരുദം നേടുന്നത്.

ALSO READ- വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; മനുഷ്യരിലേയ്ക്ക് പടരില്ലെങ്കിലും പന്നികളിൽ മാരമായി ബാധിക്കുന്ന വൈറസ്!

ഭൂവനേശ്വറിൽനിന്ന് ബിരുദം നേടിയശേഷം നാട്ടിൽ മടങ്ങിയെത്തി. ഒഡിഷ സർക്കാരിന്റെ ജലസേചനവകുപ്പിൽ ക്ലാർക്കായി ജോലി ലഭിക്കുകയും ചെയ്തു. പിന്നീട് ബാങ്ക് ഉദ്യോഗസ്ഥനായ ശ്യാംചരൺ മുർമുവിനെ വിവാഹംകഴിച്ചു. കുട്ടികളായപ്പോൾ അവരെ വളർത്താനായി 1983-ൽ ജോലി ഉപേക്ഷിച്ചു. കുട്ടികൾ മുതിർന്നതോടെ സമയം വിനിയോഗിക്കാൻ റായ് രംഗപുറിലെ ശ്രീ അരബിന്ദോ ഇന്റഗ്രൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ അസിസ്റ്റന്റ് പ്രൊഫസറായി ശമ്പളമില്ലാതെ പ്രവർത്തിച്ചു. സാമൂഹ്യസേവനത്തിലേക്ക് ദ്രൗപദി കടക്കുന്നത് ഇവിടെ നിന്നാണ്. അതിനിടെ, രാഷ്ട്രീയപ്രവർത്തകരായ ചില സുഹൃത്തുക്കൾ ദ്രൗപദിയെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചതും വലിയ മാറ്റത്തിന് കാരണമായി. കൗൺസിലറായാണ് രാഷ്ട്രീയ ജീവിതത്തിനു തുടക്കം.

2000 മുതൽ 2004വരെ ഒഡീഷയിലെ റായ്‌റങ്ക്പൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നും മത്സരിച്ചു വിജയിച്ച് എംഎൽഎയായി പദവി വഹിച്ചു. 2000 മാർച്ച് ആറു മുതൽ 2002 ഓഗസ്റ്റ് ആറുവരെ ഒഡീഷയിലെ ബിജു ജനതാദൾ, ബിജെപി സഖ്യ സർക്കാരിൽ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ – ഗതാഗത മന്ത്രിയായി. 2002 ഓഗസ്റ്റ് ആറു മുതൽ 2004 മെയ് 16 വരെ ഒഡീഷയിലെ ഫിഷറീസ് ആൻഡ് ആനിമൽ റിസോഴ്‌സസ് ഡവലപ്‌മെന്റ് മന്ത്രിയായിരുന്നു.

2015 മെയ് 18 മുതൽ ഝാർഖണ്ഡ് സംസ്ഥാനത്തെ ഗവർണർ പദവിയിലേക്കും ദ്രൗപദി മുർമു എത്തി. ഝാർഖണ്ഡ് സംസ്ഥാനത്തിന്റെ ആദ്യ വനിതാ ഗവർണറും ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഗവർണറാവുന്ന ആദ്യ ഒഡീഷ വനിത കൂടിയാണ് ദ്രൗപദി മുർമു.

ശ്യാം ചരൺ മുർമ്മു ആണ് ഭർത്താവ്. ദമ്പതികൾക്ക് രണ്ട് ആൺമക്കളും ഒരു മകളും ഉണ്ട്. ഭർത്താവ് ശ്യാം ചരൺ മുർമുവും രണ്ട് ആൺമക്കളും അകാലത്തിൽ മരണപ്പെട്ടതാണ് മുർമുവിന്റെ സ്വകാര്യ ദുഃഖങ്ങളിൽ ഏറ്റവും വലുത്. മകൾ വിവാഹിതയായി ഭുവനേശ്വറിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്.

Exit mobile version