ബംഗളൂരു: രാഷ്ട്രീയ നേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളുമൊക്കെയാണ് സാധാരണ ഉദ്ഘാടനങ്ങള്‍ക്ക് പങ്കെടുക്കാറുള്ളത്. എന്നാല്‍ പോത്തിനെ മുഖ്യാതിഥിയാക്കിയാലോ, അങ്ങനെ ഒരു ഉദ്ഘാടനമാണ് വൈറല്‍ ആവുന്നത്. സംഭവം കര്‍ണാടകയിലെ ഗഡാഗ് ജില്ലയിലാണ്.
ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനമാണ് പോത്ത് നിര്‍വഹിച്ചത്. സംഭവം പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും ചടങ്ങിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ബലെഹോസൂര്‍ ഗ്രാമവാസികളുടെ ഏറെ നാളത്തെ ആവശ്യമാണ് ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം. 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച കേന്ദ്രം തകര്‍ന്നു വീഴുകയും ചെയ്തു. ഇതോടെ മഴക്കാലത്ത് ബസ് സര്‍വീസുകളെ ആശ്രയിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്കും കോളജ് വിദ്യാര്‍ഥികള്‍ക്കും കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമായി. അധികൃതരോട് നിരന്തരം അഭ്യര്‍ത്ഥിച്ചിട്ടും ഫലമുണ്ടായില്ല. പിന്നാലെയാണ് അധികൃതരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഇത്തരമൊരു പ്രതിഷേധത്തിലേക്ക് ഗ്രാമീണര്‍ കടന്നത്.
ഗ്രാമവാസികള്‍ പണം സമാഹരിക്കാന്‍ തീരുമാനിക്കുകയും, തെങ്ങിന്‍ തണ്ടുകള്‍ കൊണ്ട് താല്‍ക്കാലിക ഷെല്‍ട്ടര്‍ നിര്‍മ്മിക്കുകയും ചെയ്തു. പോത്തിനെ
മുഖ്യാതിഥിയാക്കി ഉദ്ഘാടന പരിപാടിയും നടത്തി.
”രണ്ട് വര്‍ഷമായി, ബസ് ഷെല്‍ട്ടര്‍ പുനഃസ്ഥാപിക്കണമെന്ന് പ്രാദേശിക എംഎല്‍എയോടും എംപിയോടും ആവശ്യപ്പെടുകയാണ്. ഓരോ തവണയും നേതാക്കള്‍ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും ഒന്നും നടന്നില്ല. ബസ് ഷെല്‍ട്ടര്‍ ഇല്ലാതെ ആളുകള്‍ കഷ്ടപ്പെടുകയാണ്. അധികാരികള്‍ക്കായി കാത്തിരിക്കാതെ ഇത് നന്നാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.” ഗ്രാമവാസികള്‍ പറയുന്നു.
അതേസമയം ഈ വിഷയത്തെക്കുറിച്ചോ ഉദ്ഘാടനത്തെക്കുറിച്ചോ തനിക്ക് അറിയില്ലെന്ന് ഷിരഹട്ടിയിലെ ബിജെപി എംഎല്‍എ രാമപ്പ ലമാനി അറിയിച്ചു.