ലഖ്‌നൗ: പാവപ്പെട്ടവരെ സഹായിക്കുന്നതിന് വേണ്ടി തന്റെ സമ്പത്ത് മുഴുവന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കൈമാറി ഡോക്ടര്‍. മൊറാദാബാദില്‍ നിന്നുള്ള ഡോക്ടര്‍ അരവിന്ദ് കുമാര്‍ ഗോയലാണ് 600 കോടിയോളം വരുന്ന സ്വത്ത് യുപി സര്‍ക്കാരിന് കൈമാറിയത്. 50 വര്‍ഷത്തോളമായി ഡോക്ടറായി സേവനം അനുഷ്ഠിച്ച് വരുന്ന വ്യക്തിയാണ് അരവിന്ദ് ഗോയല്‍. സാമൂഹികസേവന രംഗത്ത് വര്‍ഷങ്ങളായി സജീവമാണ് ഇദ്ദേഹം.
ഇത് താന്‍ 25 വര്‍ഷം മുമ്പെടുത്ത തീരുമാനമാണെന്ന് സ്വത്ത് കൈമാറിയ ശേഷം അരവിന്ദ് ഗോയല്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ സമയത്ത് മൊറാദാബാദിലെ 50 ഗ്രാമങ്ങള്‍ അദ്ദേഹം ദത്തെടുത്തിരുന്നു. അവിടുത്തെ ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ വസ്തുക്കളും സൗജന്യമായി എത്തിച്ചു കൊടുക്കുകയും അവശ്യ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്തുള്ള പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും മെച്ചപ്പെട്ട ചികിത്സയും അദ്ദേഹത്തിന്റെ നേതൃത്തില്‍ നല്‍കി വരുന്നുണ്ട്. പാവപ്പെട്ട കുടുംബത്തിലെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസവും മെഡിക്കല്‍ സൗകര്യങ്ങളും ഒരുക്കി നല്‍കുന്നതിനാണിപ്പോള്‍ സ്വത്ത് മുഴുവന്‍ യുപി സര്‍ക്കാരിന് കൈമാറിയത്.
രാജ്യത്തുടനീളം അദ്ദേഹം 100-ലധികം കോളേജുകളും അഭയകേന്ദ്രങ്ങളും അനാഥാലയങ്ങളും നടത്തുന്നുണ്ട്. കോളേജുകളില്‍ നിന്നുള്ള വരുമാനമാണ് അനാഥാലയങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. നിലവിലെ രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍ നിന്നടക്കം നാല് രാഷ്ട്രപതിമാരില്‍ നിന്ന് സാമൂഹിക സേവനത്തിന് അരവിന്ദ് ഗോയല്‍ അംഗീകാരം നേടിയിട്ടുണ്ട്. മുന്‍ രാഷ്ട്രപതിമാരായ ഡോ.എ.പി.ജെ.അബ്ദുള്‍ കലാം, പ്രതിഭ പാട്ടീല്‍, പ്രണബ് മുഖര്‍ജി എന്നിവരാണ് അരവിന്ദ് ഗോയലിനെ ആദരിച്ച മറ്റ് രാഷ്ട്രപതിമാര്‍.
Discussion about this post