ഉപര്‍ബേദ : രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിന്റെ വിജയം ആഘോഷമാക്കാനൊരുങ്ങി ഉപര്‍ബേദ ഗ്രാമം. ഇലക്ഷന്‍ റിസള്‍ട്ട് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ദ്രൗപതി വിജയിക്കുമെന്ന പ്രതീക്ഷയില്‍ ആഘോഷലഹരിയിലാണ് ഗ്രാമം.
ദ്രൗപതി മുര്‍മു ജനിച്ചു വളര്‍ന്ന ഗ്രാമമാണ് ഒഡീഷയിലെ മയൂര്‍ബഞ്ചിലുള്ള ഉപര്‍ബേദ. ആദിവാസി വിഭാഗത്തില്‍ നിന്നെത്തുന്ന ആദ്യത്തെ രാഷ്ട്രപതി ആകയാല്‍ ഗ്രാമത്തിന്റെ സ്വന്തം മകളുടെ വിജയമാഘോഷിക്കാന്‍ തെരുവുകള്‍ വൃത്തിയാക്കിയും വീടുകള്‍ വിളക്കുകള്‍ കൊണ്ട് അലങ്കരിച്ചും ഗ്രാമവീഥികള്‍ ഇതിനോടകം തന്നെ നാട്ടുകാര്‍ മനോഹരമാക്കിക്കഴിഞ്ഞു. റിസള്‍ട്ട് പ്രഖ്യാപിക്കുന്ന സമയം പ്രത്യേകമായി പരമ്പരാഗത സന്താളി നൃത്തവും ഗ്രാമത്തില്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്.
Also read : ഗര്‍ഭിണിയുടെ ദേഹത്ത് കൂടി ട്രക്ക് കയറിയിറങ്ങി : കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ നിന്ന് അത്ഭുതകരമായി പുറത്തുവന്നു
ഞാറ് പറിച്ചു നടേണ്ട സമയമാണെങ്കില്‍ പോലും കര്‍ഷകരെല്ലാം ഇന്ന് അവധിയെടുത്തിരിക്കുകയാണ് ഗ്രാമത്തില്‍. റിസള്‍ട്ട് പ്രഖ്യാപിക്കുന്ന സമയം അടുത്ത ഗ്രാമങ്ങളിലടക്കം വിതരണം ചെയ്യാന്‍ ഇപ്പോഴേ നാട്ടുകാരുടെ നേതൃത്വത്തില്‍ 40000ത്തോളം മധുരപലഹാരങ്ങളും തയ്യാറായിക്കഴിഞ്ഞു. ദ്രൗപതി ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ആയ സമയത്ത് എത്രത്തോളം ആഘോഷിച്ചോ അതിന്റെ ഇരട്ടിയാഘോഷമായിരിക്കും രാഷ്ട്രപതി ആയാലെന്നാണ് ഗ്രാമവാസികള്‍ ഉറപ്പ് നല്‍കുന്നത്.