‘ദലിതനായതില്‍ വിവേചനം നേരിടുന്നു’ : യോഗി സര്‍ക്കാരില്‍ നിന്ന് ജലവിഭവ മന്ത്രി രാജി വച്ചു

UP | Bignewslive

ലഖ്‌നൗ : ദലിതനായതില്‍ വിവേചനം നേരിടുന്നുവെന്നാരോപിച്ച് യുപിയില്‍ ജലവിഭവ മന്ത്രി രാജി വച്ചു. യോഗി ആദിത്യനാഥിന്റെ മന്ത്രി സഭയിലെ ദിനേശ് ഖതിക്കാണ് രാജി വച്ചത്. ചുമതലകളൊന്നും നല്‍കുന്നില്ലെന്നും ദലിതനായതിനാല്‍ മാറ്റിനിര്‍ത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് രാജി.

ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കയച്ച കത്തില്‍ തന്റെ കത്തുകള്‍ക്കൊന്നും മറുപടി ലഭിക്കാറില്ലെന്നും തന്റെ അഭിപ്രായങ്ങള്‍ ആരും മുഖവിലയ്‌ക്കെടുക്കാറില്ലെന്നും ഖാതിക് പറയുന്നു. ഡിപാര്‍ട്ട്‌മെന്റിന്റെ ഒരു പ്രോജക്ടില്‍ നടന്ന അഴിമതി ചൂണ്ടിക്കാട്ടിയപ്പോള്‍ ആരും മതിയായ പിന്തുണ നല്‍കിയില്ലെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്റെ ഫോണ്‍ കട്ട് ചെയ്യുകയാണുണ്ടായതെന്നും ഖതിക് കത്തില്‍ ആരോപിക്കുന്നുണ്ട്.

ദലിതര്‍ക്കും മറ്റ് ന്യൂനപക്ഷ സമുദായങ്ങള്‍ക്കും വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ആവര്‍ത്തിക്കുന്ന ബിജെപിക്കും യോഗി സര്‍ക്കാരിനും കനത്ത തിരിച്ചടിയാണ് ഖതിക്കിന്റെ രാജി. രാജിയില്‍ നിന്ന് പിന്മാറാന്‍ ഖതിക്കുമായി ചര്‍ച്ച നടത്താനുള്ള ശ്രമങ്ങളിലാണ് പാര്‍ട്ടി എന്നാണ് വിവരം. പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ജിതിന്‍ പ്രസാദ മുഖ്യമന്ത്രിയുമായി അസ്വാരസ്യത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Exit mobile version