ഷില്ലോംഗ്: മേഘാലയയിലെ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമം ശനിയാഴ്ചയും ഫലം കണ്ടില്ല. തൊഴിലാളികളുടെ മൂന്ന് ഹെല്‍മറ്റുകള്‍ രാവിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ലഭിച്ചെങ്കിലും ഖനിയില്‍ കുടുങ്ങിയവരെ സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. വൈകുന്നേരമായതോടെ രക്ഷാപ്രവര്‍ത്തകര്‍ ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു.
ഞായറാഴ്ച രാവിലെ രക്ഷാദൗത്യം പുനരാരംഭിക്കുമെന്ന് ദേശീയ ദുരന്തനിവാരണ സേന അസി.കമാന്‍ഡന്റ് സികെ സിംഗ് പറഞ്ഞു. മൂന്ന് ഹെല്‍മറ്റുകളല്ലാതെ മറ്റൊന്നും ശനിയാഴ്ച കണ്ടെടുക്കാനായില്ല. എന്നാലും തെരച്ചില്‍ തുടരും. ഞായറാഴ്ച ആദ്യത്തെ വെട്ടം വീഴുമ്പോള്‍ സേന രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വ്യോമസേനയും നാവികസേനയും രംഗത്തെയിട്ടുണ്ട്. മുങ്ങല്‍വിദഗ്ധരെയാണു നാവികസേന അയച്ചത്. മേഘാലയയിലെ കിഴക്കന്‍ ജൈന്തിയ കുന്നുകളില്‍ 370 അടി ആഴത്തിലുള്ള അനധികൃത ഖനിയില്‍ കഴിഞ്ഞ 13 നാണ് ഒരു ഡസനിലേറെ തൊഴിലാളികള്‍ കുടുങ്ങിയത്. ഖനിയില്‍ വെള്ളം കെട്ടിക്കിടക്കുന്നതാണു രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നത്.